Breaking Now

24 മണിക്കൂറും തിരുക്കര്‍മങ്ങള്‍ തത്‌സമയം ലഭ്യമാക്കുന്ന 'ശാലോം വേള്‍ഡ് പ്രയര്‍' ചാനല്‍ ഇന്ന് മുതല്‍

അമേരിക്കയിലെ മക്അലനില്‍നിന്ന് സംപ്രേഷണം ചെയ്യുന്ന 'ശാലോം വേള്‍ഡ്' ഇംഗ്ലീഷ് ചാനലിന്റെ നാലാമത്തെ ചാനലാണ് 'ശാലോം വേള്‍ഡ് പ്രയര്‍'.

മക്അലന്‍: തിരുസഭയ്ക്കും ലോക ജനതയ്ക്കുംവേണ്ടി ദിനരാത്ര ഭേദമില്ലാതെ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്താന്‍ 24 മണിക്കൂറും തിരുക്കര്‍മങ്ങള്‍ തത്‌സമയം ലഭ്യമാക്കുന്ന 'ശാലോം വേള്‍ഡ് പ്രയര്‍' (SW PRAYER) ചാനല്‍ ഇന്ന് 

(സെപ്തംബര്‍ 14) മുതല്‍ വിശ്വാസികളിലേക്ക്. വിവിധ ദൈവാലയങ്ങളിലെ ശുശ്രൂഷകള്‍ തത്‌സമയം ലഭ്യമാക്കുന്നതില്‍നിന്ന് വ്യത്യസ്ഥമായി, 'ശാലോം വേള്‍ഡ് പ്രയറി'നുവേണ്ടി പ്രത്യേകം അര്‍പ്പിക്കുന്ന ശുശ്രൂഷകള്‍ ലഭ്യമാക്കുന്നു എന്നതാവും പുതിയ ചാനലിന്റെ സവിശേഷത. അമേരിക്കയിലെ മക്അലനില്‍നിന്ന് സംപ്രേഷണം ചെയ്യുന്ന 'ശാലോം വേള്‍ഡ്' ഇംഗ്ലീഷ് ചാനലിന്റെ നാലാമത്തെ ചാനലാണ് 'ശാലോം വേള്‍ഡ് പ്രയര്‍'.

ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, കരുണക്കൊന്ത, പരിശുദ്ധ അമ്മയുടെ ജപമാല, നൊവേനകള്‍, യാമപ്രാര്‍ത്ഥനകള്‍ തുടങ്ങിയവ തത്‌സമയം ലഭ്യമാക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാവും തിരുക്കര്‍മങ്ങള്‍ ക്രമീകരിക്കുക. കൊറോണാ വ്യാപനംമൂലം ദൈവാലയത്തിലെത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദിവ്യബലി അര്‍പ്പണത്തിന്റെ തത്‌സമയ സംപ്രേഷണം 24 മണിക്കൂറും ലോകമെങ്ങും ലഭ്യമാക്കാന്‍ ആരംഭിച്ച 'ലൈവ് ഡെയ്‌ലി മാസ്' ചാനലാണ് 'ശാലോം വേള്‍ഡ് പ്രയര്‍' ചാനലിന് പ്രചോദനമായത്. അനുദിന ദിവ്യബലിയിലെ പങ്കാളിത്തം മുടങ്ങാതിരിക്കാന്‍ സഹായിച്ച 'ലൈവ് ഡെയ്‌ലി മാസ്' ചാനലിന് വലിയ സ്വീകാര്യതയാണ് ലോകവ്യാപകമായി ലഭിച്ചത്.

കൊറോണാ വ്യാപനം ശമിച്ചാലും പ്രായമായവര്‍ക്ക് ദൈവാലയങ്ങളില്‍ പ്രവേശനാനുമതി ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ഈ ചാനല്‍ സഹായകമാകും. നാലു മണിക്കൂറിനിടയില്‍ ഒരു ദിവ്യബലി അര്‍പ്പണം ഉറപ്പാക്കുംവിധമാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. നിരവധി രാജ്യങ്ങളിലെ വൈദികരും ദൈവാലയ ആശ്രമ അധികാരികളും ഇതിനായി സന്നദ്ധത അറിയിച്ചുകഴിഞ്ഞു. വിശ്വാസീസമൂഹം കൈമാറുന്ന പ്രാര്‍ത്ഥനാ ആവശ്യങ്ങളും കൃതജ്ഞതാര്‍പ്പണങ്ങളും പ്രത്യേക നിയോഗമായി സമര്‍പ്പിച്ചാവും തിരുക്കര്‍മങ്ങള്‍ അര്‍പ്പിക്കപ്പെടുക.

മൂന്ന് റീജ്യണുകളിലായാണ് (അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ) ചാനല്‍ ലോഞ്ചിംഗ് ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ലോഞ്ചിംഗ് സെപ്തംബര്‍ 14ന് രാവിലെ 11.30 (CST)നും യൂറോപ്പിലെ ലോഞ്ചിംഗ് വൈകിട്ട് 4.30 (BST)നും നടക്കും. സെപ്തംബര്‍ 17 രാവിലെ 9.15 (AEST) നാണ് ഓസ്‌ട്രേലിയയിലെ ലോഞ്ചിംഗ്. ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് (Ptaron, Shalom Media, USA) അമേരിക്കയിലെ ലോഞ്ചിംഗ് നിര്‍വഹിക്കും. നോര്‍ത്ത് അമേരിക്കയിലെ സീറോ മലങ്കര ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് (Ptaron, Shalom Media, USA), ബ്രൗണ്‍സ്‌വില്‍ രൂപതാ സഹായമെത്രാന്‍ മരിയോ അവിലെസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

കില്‍ഡെയര്‍ ലേഗ്‌ലിന്‍ രൂപതാ ബിഷപ്പ് ഡെന്നിസ് നള്‍ട്ടി (Ptaron, Shalom Media, Ireland) യൂറോപ്പിലെ ലോഞ്ചിംഗ് നിര്‍വഹിക്കും. ഹാലാം രൂപതാ ബിഷപ്പ് റാല്‍ഫ് ഹെസ്‌കെറ്റ് (Ptaron, Shalom Media, UK), യൂറോപ്പിലെ സീറോ മലബാര്‍ വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഹൊബാര്‍ട് ടസ്മാനിയ രൂപതാ ബിഷപ്പ് ജൂലിയന്‍ പോര്‍ട്ടിയസാണ് (Ptaron, Shalom Media, Autsralia) ഓസ്ട്രലിയയിലെ ലോഞ്ചിംഗ് നിര്‍വഹിക്കന്നത്. മെല്‍ബണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ബസ്‌കോ പുത്തൂര്‍ (Ptaron, Shalom Media, Autsralia)  അനുഗ്രഹപ്രഭാഷണം നടത്തും.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ജോണ്‍ 23ാമന്‍ പാപ്പ എന്നിവരെ വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തിയ തിരുക്കര്‍മങ്ങള്‍ വത്തിക്കാനില്‍നിന്ന് തല്‍സമയം ലഭ്യമാക്കി 2014 ഏപ്രില്‍ 27നാണ് 'ശാലോം വേള്‍ഡ്' പിറവിയെടുത്തത്. അദ്യഘട്ടത്തില്‍ അമേരിക്കയിലും കാനഡയിലുംമാത്രം ലഭ്യമായിരുന്ന 'ശാലോം വേള്‍ഡ്' ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മൂന്ന് ചാനലുകളായി വളര്‍ന്നു. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങള്‍ക്കായി പ്രത്യേകം രൂപം കൊടുത്ത ചാനലുകളിലൂടെ 145പ്പരം രാജ്യങ്ങളിലെ 1.5 ബില്യണ്‍ ജനങ്ങളിലേക്കാണ് 'ശാലോം വേള്‍ഡ്' എത്തുന്നത്.

ഏറ്റവും പുതിയ ഡിജിറ്റല്‍ മീഡിയാ പ്ലയറുകളായ ആപ്പിള്‍ ടി.വി, ആമസോണ്‍ ഫയര്‍, റോക്കു, എച്ച് ബോക്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ഇപ്പോള്‍ പുറത്തിറങ്ങുന്ന എല്ലാ സ്മാര്‍ട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും 'ശാലോം വേള്‍ഡ്' ചാനലുകള്‍ തികച്ചും സൗജന്യമായി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: swprayer.org

(Biju Neendoor)

 




കൂടുതല്‍വാര്‍ത്തകള്‍.