Breaking Now

തൈറോയ്ഡ് ; അറിയാം

തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കുന്നവരുടെ എണ്ണം  ഇപ്പോള്‍ കൂടിവരുന്നു. രോഗം ഉള്ളവര്‍ മരുന്ന് കഴിച്ചല്ലെ പറ്റൂ  .എന്നാല്‍ എത്ര നാള്‍ കഴിച്ചിട്ടും മരുന്നിന്റെ അളവും ബുദ്ധിമുട്ടുകളും കൂടുന്നതല്ലാതെ അസുഖം കുറയുന്നില്ല.

മരുന്ന് കഴിക്കുന്നതിലൂടെ മാത്രം തൈറോയ്ഡ് രോഗം പരിഹരിച്ചു കളയാമെന്നത്  വെറും മിഥ്യാധാരണയാണ്. 

ഏതുതരം തൈറോയ്ഡ് രോഗമായാലും പാലിക്കേണ്ട മറ്റ് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

ജീവിതചര്യ ക്രമപ്പെടുത്തുക തന്നെയാണ് ഇതില്‍ 

പ്രധാനം .രാവിലെ അഞ്ചുമണിക്ക് എങ്കിലും ഉണരുന്നതും, വെറുംവയറ്റില്‍ തന്നെ കുളിക്കുന്നതും, കുളിക്കുന്നതിനു മുമ്പ് ചായ, ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുന്നതും, സമയത്തുള്ള ഭക്ഷണവും, പകലുറക്കം ഒഴിവാക്കലും, രാത്രി നേരത്തെ ഉറങ്ങുന്നതും, അതിനും ഒന്നര മണിക്കൂറെങ്കിലും മുമ്പ് എളുപ്പം ദഹിക്കുന്ന രാത്രി ഭക്ഷണം കഴിക്കുന്നതുമെല്ലാം ശരിയായ ചര്യകളില്‍ പെടുന്നു.

 ദഹനസംബന്ധമായ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തില്‍ ഭക്ഷണം ക്രമീകരിച്ചാല്‍ അഥവാ അഗ്‌നിബലത്തിന് അനുസരിച്ച് മാത്രം ഭക്ഷണം കഴിച്ചാല്‍ തന്നെ ഇത്തരം പല രോഗങ്ങളില്‍ നിന്നും ഒഴിവാകാന്‍ സാധിക്കും.ഇന്ന് സാധാരണ കാണുന്ന അസിഡിറ്റി, ഗ്യാസ്,വായ്പ്പുണ്ണ്, മലബന്ധം ,അര്‍ശസ്സ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ ശരിയായ ദഹനം നോക്കുന്നവരല്ലെന്ന് നിസ്സംശയം പറയാം.

 ശരിയായ വ്യായാമമില്ലായ്മയും, വളരെ താമസിച്ചു മാത്രം ഉണര്‍ന്നെഴുന്നേല്‍ക്കുന്നതും, അധികനേരവും ആലസ്യത്തോടെയുള്ള ഇരിപ്പും, അത്തരം ജോലികളും തൈറോയ്ഡ് രോഗത്തിന് കാരണമാകും എന്നതിനാല്‍ ചെയ്യുന്ന തൊഴിലിന്റെ സ്വഭാവം അനുസരിച്ചുള്ള ലഘുവായ വ്യായാമക്രമങ്ങള്‍ ശീലിക്കുക തന്നെ വേണം.

രാവിലെ ആഹാരത്തിനു മുമ്പ് തൈറോക്‌സിന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ ഉടനെ പാല്‍ ,   ബിസ്‌കറ്റ്, മറ്റ് ആഹാരങ്ങള്‍ എന്നിവ കഴിക്കരുത്. മരുന്നിന്റെ ആഗിരണം കുറയും. സോയ, പാലുല്‍പന്നങ്ങള്‍,കാല്‍സ്യം, അയണ്‍, അസിഡിറ്റി കുറയ്ക്കാനുള്ള മരുന്നുകള്‍ എന്നിവയും തൈറോക്‌സിന്‍ ആഗിരണത്തെ കുറയ്ക്കും. ഇത്തരം മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് കഴിക്കുന്ന മരുന്നിന്റെ ശരിയായ പ്രയോജനം കിട്ടില്ല എന്ന് സാരം. പതിവായി ഉയര്‍ന്ന അളവില്‍ തൈറോക്‌സിന്‍ കഴിക്കുന്നവരില്‍ എല്ലുകള്‍ക്ക് തേയ്മാനം, നെഞ്ചിടിപ്പ് ,ശരീരഭാരം കുറയുക, പ്രമേഹം തുടങ്ങിയവയും ഉണ്ടാകാം.

*എന്തൊക്കെ ശ്രദ്ധിക്കണം?*  അയഡിന്റെ ഉപയോഗം വര്‍ധിപ്പിക്കണം. മത്സ്യവും മറ്റു കടല്‍ വിഭവങ്ങളും അയഡിന്‍  സമൃദ്ധമാണ്.ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കടല്‍മത്സ്യങ്ങള്‍ കഴിക്കണം. കല്ലുപ്പ് ഉപയോഗിക്കണം.

 എന്നാല്‍ മത്സ്യം ഭക്ഷിക്കാത്തവര്‍ക്ക് അയഡിന്‍ ഉപ്പ് തന്നെ വേണ്ടിവരും .ഏതു ഉപ്പ് ആയാലും അത് തുറന്നു വെച്ചാലോ സൂര്യപ്രകാശം തട്ടിയാലോ ഉപ്പിലുള്ള അയഡിന്റെ സാന്നിധ്യം കുറഞ്ഞുപോകും.ഉപ്പ് ഇരുണ്ടനിറമുള്ള പ്ലാസ്റ്റിക് ടിന്നുകള്‍,മണ്‍പാത്രങ്ങള്‍ തടി പാത്രങ്ങള്‍ എന്നിവയിലോ ഇട്ടു  മുറുക്കമുള്ള അടപ്പ് കൊണ്ട് അടച്ചുവയ്ക്കണം.നാലോ അഞ്ചോ ത വണയായുള്ള ഭക്ഷണവും സമീകൃത ആഹാരവും ആരോഗ്യമുള്ള തൈറോയിഡിനെ നല്‍കും. പച്ചക്കറികള്‍ പ്രത്യേകിച്ചും അയഡിന്‍ സമ്പുഷ്ടമായ മണ്ണില്‍ വിളഞ്ഞത് ,പഴം ,ചിക്കന്‍,മത്തി, ഒലിവ് ഓയില്‍, വെളിച്ചെണ്ണ ,ചെമ്മീന്‍, ഞണ്ട് ,ക്യാരറ്റ്, അണ്ടിപ്പരിപ്പുകള്‍, സ്‌ട്രോബറി ,അരി, ഗോതമ്പ്, ബാര്‍ലി ,കടല, ആട്ടിറച്ചി തുടങ്ങിയവ അയഡിന്‍ സമ്പുഷ്ടമായ ഭക്ഷണം ആയതിനാല്‍ തൈറോയിഡ് രോഗം ഒഴിവാക്കാനായി കഴിക്കാം.തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഖകരമാക്കാന്‍ ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം.

പഞ്ചസാരയും ,കൃത്രിമ മധുരവും ,നിറങ്ങളും, കൃത്രിമ രുചിയും ചേര്‍ത്ത ഭക്ഷണം ,ഫാറ്റ് ഫ്രീ ,ഷുഗര്‍ ഫ്രീ ,ലോഫാറ്റ് ഫുഡ് എന്നിങ്ങനെ ലേബലുള്ള ഭക്ഷണങ്ങള്‍, കടുക്, ചോളം ,മധുരക്കിഴങ്ങ്, മരച്ചീനി ,ക്യാബേജ്, കോളിഫ്‌ലവര്‍, ബ്രോക്കോളി തുടങ്ങിയവ തൈറോയ്ഡ് രോഗികള്‍ക്ക് നല്ലതല്ല. എന്നാല്‍ നന്നായി വേവിച്ചാല്‍ കാബേജും കോളിഫ്‌ലവറും കഴിക്കാം. കപ്പ അഥവാ മരച്ചീനി നന്നായി വേവിച്ചത് കടല്‍ മത്സ്യം ചേര്‍ത്താണ് കഴിക്കുന്നതെങ്കില്‍ കുഴപ്പമില്ല.അയഡിന്റെ ആഗീരണത്തെ തടയുവാനുള്ള കപ്പയുടെ കഴിവിനെ പ്രതിരോധിക്കുവാന്‍ കടല്‍ മത്സ്യത്തിന് സാധിക്കും.

 

 

ഡോ. ഷര്‍മദ് ഖാന്‍

 

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍

 

ആയുര്‍വേദ ഡിസ്‌പെന്‌സറി

 

 ചേരമാന്‍ തുരുത്ത്

 

തിരുവനന്തപുരം .

 




കൂടുതല്‍വാര്‍ത്തകള്‍.