CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes Ago
Breaking Now

കത്തോലിക്കാ സമൂഹത്തിനു വിശ്വാസ മേഖലകളില്‍ ഏറെ അഭിമാനകരമായ കയ്യൊപ്പുകള്‍ ചാര്‍ത്തി ഫാ.ജോണ്‍ മേനോങ്കരി സിഎംഐ, ഒന്നര പതിറ്റാണ്ട് നീണ്ട അജപാലന സേവനത്തിനു ശേഷം നാട്ടിലേക്ക്

വെംബ്ലി: യു കെ യില്‍ രണ്ടാം മലയാളി കുടിയേറ്റത്തിന്റെ ആദ്യകാലഘട്ടത്തില്‍ ആല്മീയഅജപാലന ശുശ്രുഷകള്‍ക്കായി വെസ്റ്റമിന്‍സ്റ്റര്‍ കത്തോലിക്കാ അതിരൂപതയുടെ ക്ഷണപ്രകാരം ലണ്ടനില്‍ എത്തുകയും, ഉത്തുംഗ അജപാലന ശുശ്രുഷകള്‍ക്കുള്ള അംഗീകാരമായി താന്‍ പ്രതിനിധാനം ചെയ്യുന്ന സിഎംഐ കോണ്‍ഗ്രിഗേഷനുവേണ്ടി യു കെ യിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹത്തിന്റെ ഇടവക ആസ്ഥാനമായ വെംബ്ലി സെന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്കാ ദേവാലയ  ഭരണച്ചുമലയേറ്റ് ഒന്നര പതിറ്റാണ്ടിന്റെ നിസ്തുല സേവനത്തിനു ശേഷം ഫാ. ജോണ്‍ മേനോങ്കരി വിശ്രമ ജീവിതം നയിക്കുവാന്‍ കേരളത്തിലേക്ക് മടങ്ങുന്നു. സി എം ഐ വൈദീക, സിഎംസി സന്യാസിനി  സഭാ സമൂഹങ്ങളുടെ ആരംഭം കുറിക്കുകയും, കേരളത്തിന്റെ സാമൂഹ്യവിദ്യഭ്യാസവ്യവസായആല്മീയസാംസ്‌കാരിക മേഖലകളില്‍ ജാതിമതവര്‍ണ്ണ വ്യവസ്ഥിതിയുടെ വിവേചനങ്ങളില്ലാതെ സേവനോല്‍മുഖനും, കര്‍മ്മനിരതനും സുറിയാനി കത്തോലിക്കാ സഭയുടെ ദൈവീക വരദാനവുമായ അതുല്യ ആല്മീയ ശ്രേഷ്ഠന്‍ വിശുദ്ധ ചവറ കുരിയാക്കോസ് ഏലിയാസ് പിതാവിന്റെ പിന്‍ഗാമി എന്ന നിലയില്‍ പിതാവിന്റെ രൂപം വെംബ്ലിയില്‍ കര്‍ദ്ധിനാള്‍ മാര്‍ വിന്‍സന്റ് നിക്കോളാസ് പിതാവിന്റെ കാര്‍മ്മികത്വത്തില്‍  പ്രതിഷ്ടിക്കുകയും പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കു അവസരം ഒരുക്കുകയും, സ്റ്റീവനേജ് അടക്കം വിവിധ കേന്ദ്രങ്ങളില്‍ സീറോ മലബാര്‍ കുര്‍ബ്ബാനകള്‍ക്കു തുടക്കം കുറിക്കുകയും ചെയ്ത ഫാ ജോണ്‍ വിടപറയുക കത്തോലിക്കാ സമൂഹത്തിനു വിശ്വാസ മേഖലകളില്‍  ഏറെ അഭിമാനകരമായ കയ്യൊപ്പുകള്‍ ചാര്‍ത്തിയാണ്.

ഇംഗ്‌ളണ്ട് ആന്‍ഡ് വെയില്‍സിന്റെ കത്തോലിക്കാ സമിതിയുടെ അമരക്കാരനായ കര്‍ദ്ധിനാള്‍  മാര്‍ വിന്‍സന്റ് നിക്കോളാസിന്റെയും വിവിധ മെത്രാന്‍മ്മാരുടെയും വിശ്വാസ സ്‌നേഹ വായ്പുകള്‍ കുറഞ്ഞ സമയത്തിനിടയില്‍ ആര്‍ജ്ജിച്ച മേനോങ്കരി അച്ചന്‍ അജപാലന ശുശ്രുഷകരില്‍ വിശ്വാസി സമൂഹത്തിനിടയില്‍ ചരിത്ര പ്രതിഷ്ഠ നേടിയ ശേഷമാണ് മടങ്ങിപ്പോവുന്നത്. വിശ്വാസി സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും പരിലാളനയും സഹായവും ഏറെ ആകര്‍ഷകമാണ്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ഇംഗ്‌ളണ്ടില്‍  കര്‍ദ്ധിനാള്‍ ഒരു വൈദികന്റെ ഇഷ്ടത്തിനു റിട്ടയര്‍മെന്റ് സമയം സ്വയം നിശ്ചയിക്കുവാന്‍ വിട്ടു കൊടുത്തതെന്നും അത് നേര്‍ സാക്ഷ്യം കുറിക്കുക വെംബ്ലി ഇടവകയേയും ദേവാലയത്തെയും വളര്‍ത്തിയെടുത്ത ആല്മീയആദ്ധ്യാല്‍മിക വിജയ ഗാഥയുടെ അംഗീകാരമായിട്ടാവും എന്ന് തീര്‍ച്ച.

രാജ്യത്തെ  ഏറ്റവും വലിയ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസോര്‍ജ്ജം നഷ്ടപ്പെട്ടിരുന്നിടത്തുനിന്നു വിശ്വാസം വളര്‍ത്തി സമൂഹത്തെ വലിയ തോതില്‍ തിരികെ ആകര്‍ഷിക്കുകയും, ഏതു സമയത്തും വന്നു പ്രാര്‍ത്ഥിക്കുന്നതിനും, അവര്‍ക്കു ഒത്തുകൂടുന്നതിനായി ഹാളുകളൂം സൗകര്യങ്ങളും ഒരുക്കിയതും എടുത്തു പറയേണ്ട സംഭാവനകള്‍ തന്നെ. കാലക്രമേണ, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നും വിഭാഗങ്ങളില്‍  നിന്നുമുള്ള ഇടവകക്കാരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയും, വിവിധ ന്യുന പക്ഷങ്ങളുടെ ഇടയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, 4 വിവിധങ്ങളായ സമൂഹങ്ങളുടെ ചാപ്ലെയിന്‍സികള്‍ക്കായി  പതിവായി പ്രതിമാസ കുര്‍ബ്ബാനക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത അച്ചന്‍ സഭയുടെ വിശ്വാസ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കാണ് നിര്‍വ്വഹിച്ചു പോന്നത്.  

വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതലായി ശക്തിപ്പെടുത്തുകയും ദൈവത്തിലുള്ള  വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന പ്രചോദനാത്മക നേതൃത്വം ഫാ. ജോണിനെ ശ്രദ്ധേയനാക്കി. കുടുംബ പ്രശ്!നങ്ങളില്‍ ഇടപെട്ട്  മികച്ച കുടുംബ ജീവിതത്തിലേക്ക് അവരെ തിരികെ എത്തിക്കുവാന്‍  സഹായിക്കുകയും ആത്മീയമായി അവരെ ഏറെ സമ്പന്നമാക്കുകയും ചെയ്തു പോരിക അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ആല്മീയ ശുശ്രുഷയായിരുന്നു.

ഫാ. ജോണ്‍ മേനോന്‍കരി താന്‍ ചാര്‍ജ്ജ് ഏറ്റെടുത്ത കാലത്ത് പാരിഷ് സാമ്പത്തികമായി വളരെ പ്രയാസപ്പെട്ടിരിക്കെ അന്ന് തന്നോട് അക്കാര്യം അറിയിക്കുവാന്‍ വന്ന ഫിനാന്‍ഷ്യല്‍ കമ്മിറ്റിയോട്   പുഞ്ചിരിച്ചുകൊണ്ട് 'ദൈവം നല്‍കും!' എന്ന് പറഞ്ഞ കാര്യം ഓര്‍മിപ്പിച്ച ഒരു ഇടവക പ്രതിനിധി ഇന്ന് ഏറെ വികസനങ്ങള്‍ നടത്തുവാനും സാമ്പത്തികമായി നന്നായി രൂപതയെ സഹായിക്കുവാന്‍ കഴിയുന്ന ഒരു ഇടവകയാക്കി ജോണച്ചന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത വിവിധ പദ്ധതികളിലൂടെ വളര്‍ത്തിയെടുത്ത ചരിത്രം അനുസ്മരിച്ചു.

ഫാ. ജോണ്‍ വിവിധ ഗ്രൂപ്പുകളിലെ സന്നദ്ധപ്രവര്‍ത്തകരെ കൂട്ടിക്കൊണ്ടു ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാന്‍ നടത്തിയ മാതൃകാപരമായ ശ്രമങ്ങള്‍ വലിയ വിജയമാണ് കണ്ടത്. വളര്‍ന്നുവരുന്ന ഇടവകക്കാര്‍ക്ക് ദേവാലയത്തോടനുബന്ധിച്ചു അനിവാര്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മേനോന്‍കരി അച്ചന്‍ ശ്രദ്ധാലുവായിരുന്നു.

ജോണച്ചന്‍ രൂപം കൊടുത്ത് വളര്‍ത്തിയ ദേവാലയ ശുശ്രുഷകളുടെ ഭാഗമായ ജെ & പി ഗ്രൂപ്പ്, മദര്‍ അസോസിയേഷന്‍, ചര്‍ച്ച് ലീനിംഗ് ടീം, ജൂനിയര്‍ യൂത്ത് ഗ്രൂപ്പ്,  പാരീഷ് വോളണ്ടിയര്‍ ടീം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അസൂയാവഹമാണ് . വാര്‍ഷിക നോമ്പുകാലത്ത്  പ്രതിമാസ യൂക്കറിസ്റ്റിക് ആരാധനയും അദ്ദേഹം തുടങ്ങിവെച്ചു.

ആദ്യത്തെ വിശുദ്ധ കൂട്ടായ്മയായ കുട്ടികളുടെ ആരാധനാക്രമത്തിനായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് സൗകര്യപ്രദമായി ഇരിക്കാനും കൂടാതെ ഇടവക ഗ്രൂപ്പ് മീറ്റിംഗുകള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി അച്ചന്‍ നിര്‍മ്മിച്ച 'മരിയന്‍ സെന്റര്‍' ഏറെ സഹായകരമാവുന്നുണ്ട്. ദേവാലയം പുതുക്കി പണിതു ഇന്നൊരു  ഒരു ലിസ്റ്റഡ് ബില്‍ഡിങ്ങായി മാറിയതും അച്ചന്റെ ചരിത്ര സേവനങ്ങളില്‍ പെടും. മരിയന്‍ സെന്ററിലേക്കും, പാസ്റ്ററല്‍ സെന്ററിലേക്കും കൂടി ബന്ധപ്പെടുത്തി ചെയ്ത ഓഡിയോ / വീഡിയോ സൗകര്യങ്ങള്‍ ദേവാലയങ്ങള്‍ക്കാവശ്യമായ ഏറ്റവും മികച്ച സംവിധാനമാണ് നല്‍കുന്നത്.

ചങ്ങനാശ്ശേരി അതിരൂപതയില്‍ ഐക്കരചിറ ഇടവകയില്‍ മെനോന്‍കരി ഭവനത്തില്‍ 1941ജുലൈ 5 നു ജനിച്ച ഫാ. ജോണ്‍  സി.എം.ഐ.കോണ്‍ഗ്രിഗേഷനില്‍ 1968 മെയ് മാസം 19 നു പൗരോഹിത്യ വ്രതം സ്വീകരിച്ചു. പില്‍ക്കാലത്തു സഭയുടെ പ്രിയോര്‍ ജനറല്‍ പദവി വരെ ഉയര്‍ന്ന അച്ചന്‍ എംബിഎ ബിരുദം അമേരിക്കയില്‍ നിന്നും നേടുകയും പിന്നീട് പി എച്ച് ഡി കരസ്ഥമാക്കുകയും ചെയ്തു.

സഭ ഏല്പ്പിച്ച വിവിധങ്ങളായ ഉത്തരവാദിത്വങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വ്വഹിക്കവെ ലണ്ടനിലേക്ക് പുതിയ ദൗത്യവുമായി നിയോഗിച്ചപ്പോള്‍ വൈദികന്റെ ആകസ്മിക അഭാവത്തില്‍ ഇംഗ്‌ളണ്ടിലെ സ്റ്റീവനേജില്‍ ആദ്യ അജപാലന ശുശ്രുഷ തുടങ്ങി. തത്സമയം സ്റ്റീവനേജില്‍ മലയാളം കുര്‍ബ്ബാനക്കും തുടക്കമിട്ടു. പിന്നീട് ലണ്ടനടുത്തു മറ്റൊരു ദേവാലയത്തില്‍ കുറഞ്ഞ കാലത്തെ ശുശ്രുഷക്ക് ശേഷം ലണ്ടനിലെ വെംബ്ലിയിലേക്ക് നിയോഗിച്ച അച്ചന്‍ അവിടെ പള്ളിയെ തന്റേതാക്കി മാറ്റിയെന്നോ സമൂഹം അച്ചനെ അവരുടേതാക്കി മാറ്റിയെന്നോ പറയാം.

മേനോന്‍കരി അച്ചന്റെ അജപാലന ശുശ്രുഷകളുടെ 40 ഉം 50 ഉം ജൂബിലികള്‍ ഏറെ വിപുലമായി  ആഘോഷിച്ച അതെ സമൂഹം വമ്പിച്ച ആഘോഷമായാണ് തന്റെ റിട്ടയര്‍മെന്റും യാത്രയയപ്പും ഒരുക്കിയത്. ബിഷപ്പുമാര്‍, മേയര്‍, വൈദികര്‍, സന്യസ്തര്‍ അടക്കം നിരവധി ആളുകള്‍  യാത്രയപ്പ് ചടങ്ങിലും ശുശ്രുഷകളിളും പങ്കു ചേര്‍ന്നിരുന്നു.

ജോണ്‍ അച്ചനോടൊപ്പം 9 വര്‍ഷങ്ങളായി അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫാ ജോസഫ് കടുത്താനം സിഎംഐ പുതിയ വികാരിയായി സ്ഥാനമേറ്റു. ഫാ. ജോസഫ് ഒഴുകയില്‍ സിഎംഐ ( മുന്‍ കെ ഇ കോളേജ് മാന്നാനം പ്രിന്‍സിപ്പല്‍) അസിസ്റ്റന്റ് പാരീഷ് പ്രീസ്റ്റായും, ഫാ ടെബിന്‍ ഫ്രാന്‍സീസ്  സീറോ മലബാര്‍ മാസ്സ് സെന്ററിന്റെ സ്പിരിച്വല്‍ ഡയറക്ടറായും തുടരും.

കുമരകത്തിനടുത്തു ചീര്‍പ്പുങ്കല്‍ സിഎംഐ കേന്ദ്രത്തില്‍ തന്റെ ശിഷ്ഠ ജീവിതം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും വിശ്വാസ പ്രവര്‍ത്തനങ്ങളിലുമായി ചിലവഴിക്കുവാനാണ് ജോണ്‍ അച്ചന്‍ ആഗ്രഹിക്കുന്നത്.

വെംബ്ലിയുടെ അജപാലകനും സീറോ മലബാര്‍ സഭയുടെ അഭിമാനവുമായ ജോണ്‍ മേനോന്‍കരി അച്ചന്‍ നാട്ടിലേക്ക്  മടങ്ങുമ്പോള്‍ ദൈവം അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ.  

 

വാർത്ത : അപ്പച്ചൻ കണ്ണഞ്ചിറ.




കൂടുതല്‍വാര്‍ത്തകള്‍.