ഒരു ഘട്ടത്തില്‍ കൊവിഡ്-19 മഹാമാരിയെ വിറപ്പിച്ച് നിര്‍ത്തിയ സംസ്ഥാനം. ഇപ്പോള്‍ എല്ലാ ജില്ലകളിലും കുതിച്ചുയരുന്ന കണക്കുകളില്‍ വിറച്ച് നില്‍ക്കുകയാണ്. കേരളം നം.1 ആകുകയാണ് ഏതെങ്കിലും ഒരു അളവുകോലിലല്ല, രോഗത്തിന്റെ എല്ലാ വിധത്തിലുമുള്ള വശങ്ങളിലും സംസ്ഥാനം കുതിക്കുകയാണ്. ഏതാനും മാസം മുന്‍പ് 'കേരള മോഡല്‍' എന്ന് പ്രശംസിക്കപ്പെട്ട ശേഷമാണ് രണ്ടാം വ്യാപനത്തില്‍ സംസ്ഥാനം ദുരന്തം നേരിടുന്നത്.
ജനുവരി 30ന് ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ സ്റ്റുഡന്റിലാണ് വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍ ഒന്‍പത് മാസത്തിന് ഇപ്പുറം കേരളത്തിലെ കേസുകളുടെ എണ്ണം 2.9 ലക്ഷമാണ്. മരണസംഖ്യ താഴ്ന്ന് നില്‍ക്കുന്നുവെന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം.
ദിവസേനയുള്ള കേസുകള്‍ പിടിച്ചുനിര്‍ത്തിയിരുന്ന കേരളത്തിന്റെ ഗ്രാഫ് ഇപ്പോള്‍ കുതിച്ചുയരുന്ന സ്ഥിതിയാണ്. ലോക്ക്ഡൗണ്‍ കാലത്ത് നിയന്ത്രിച്ച് നിന്ന കണക്കുകള്‍ ഇപ്പോള്‍ എല്ലാ ജില്ലകളിലും റെക്കോര്‍ഡ് തീര്‍ത്ത് മുന്നേറുന്നു. രാജ്യത്ത് വൈറസിന്റെ വ്യാപനം ഏറ്റവും കൂടുതല്‍ അനുഭവിച്ച ഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളെ മറികടന്നാണ് കേരള ജില്ലകളുടെ പ്രകടനം.
കഴിഞ്ഞ ആഴ്ച രണ്ട് തവണയാണ് കേരളം 10,000ന് മുകളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ മഹാരാഷ്ട്രക്കും, കര്‍ണ്ണാടകയ്ക്കും സംസ്ഥാനം വെല്ലുവിളിയാകും. മഹാരാഷ്ട്രയുടെ മൂന്നിലൊന്ന് ജനസംഖ്യ മാത്രമുള്ള കേരളത്തില്‍ ഈ കുതിപ്പ് ഒട്ടും ആശ്വാസകരമല്ല. കുടിയേറ്റക്കാരുടെ മടങ്ങിവരവാണ് കേസുകള്‍ കൂടാനുള്ള പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത്.