Breaking Now

3 ടിയര്‍ സിസ്റ്റം പരാജയപ്പെട്ടാല്‍ അടുത്ത ആഴ്ച മുതല്‍ ഭാഗിക ലോക്ക്ഡൗണ്‍; നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം നൂറ് കടന്ന് മരണസംഖ്യ; രണ്ടാഴ്ച അടച്ചിട്ടാല്‍ ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാമെന്ന് വിദഗ്ധര്‍; പിന്തുണയുമായി കീര്‍ സ്റ്റാര്‍മര്‍

ബോറിസിന്റെ ക്യാബിനറ്റ് അടച്ചിടുന്നതിനെ അനുകൂലിച്ചും, എതിര്‍ത്തും രണ്ട് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്

ബ്രിട്ടനില്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 3 ടിയര്‍ ട്രാഫിക് സിസ്റ്റം അനുസരിച്ചുള്ള വിലക്കുകള്‍ ഫലവത്തായില്ലെങ്കില്‍ രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച തന്നെ വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം ഹാഫ് ടേം ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നതായാണ് വിവരം. ഇത് സംഭവിച്ചാല്‍ അടുത്ത ആഴ്ച മുതല്‍ പബ്ബും, റെസ്റ്റൊറന്റും, മറ്റ് ചില സ്ഥാപനങ്ങള്‍ക്കും പൂട്ടുവീഴും. 

കുതിച്ചുയരുന്ന ഇന്‍ഫെക്ഷന്‍ നിരക്ക് പിടിച്ചുകെട്ടാന്‍ സാധിക്കാതെ പോയാല്‍ രണ്ടാഴ്ച നീളുന്ന ലോക്ക്ഡൗണിനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 26ന് സ്‌റ്റേറ്റ് സ്‌കൂളുകള്‍ മറ്റൊരു ബ്രേക്ക് എടുക്കുന്നതിന് മുന്‍പ് ഈ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. അതേസമയം നോര്‍ത്തേണ്‍ അയര്‍ലണ്ട് കൊറോണാവൈറസ് വിലക്കുകള്‍ കര്‍ശനമാക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. സ്‌കൂളുകള്‍ മുതല്‍ പബ്ബും, റെസ്റ്റൊറന്റും വരെ അടച്ചിടാനാണ് മന്ത്രിമാരുടെ തീരുമാനം.

യുകെയില്‍ രണ്ടാഴ്ച നീളുന്ന ലോക്ക്ഡൗണ്‍ നടപ്പാക്കിയാല്‍ ന്യൂഇയറിന് മുന്‍പ് ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിച്ചെടുക്കാന്‍ സാധിക്കുമെന്ന് രണ്ട് മുതിര്‍ന്ന അക്കാഡമിക്കുകള്‍ മുന്നറിയിപ്പ് നല്‍കി. ദേശീയ തലത്തില്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണ്‍ എത്രയും വേഗം നടപ്പാക്കണമെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് മഹാമാരിക്ക് മേലുള്ള നിയന്ത്രണം നഷ്ടമാകുകയാണെന്ന് സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി. 

അതേസമയം ബോറിസിന്റെ ക്യാബിനറ്റ് അടച്ചിടുന്നതിനെ അനുകൂലിച്ചും, എതിര്‍ത്തും രണ്ട് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. നാല് മാസത്തിന് ശേഷം രാജ്യത്ത് ആദ്യമായി നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്ക് വകയേകുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 143 പേരാണ് വൈറസിന് ഇരകളായത്. അതേസമയം പുതിയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും സ്‌കൂളുകളുടെയും, ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ഇത് ബാധിക്കില്ലെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.