Breaking Now

യുകെയില്‍ നിന്നും സ്വാതന്ത്ര്യം മോഹിച്ച് സ്‌കോട്ട്‌ലണ്ടുകാര്‍; സ്വാതന്ത്ര്യ മോഹികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍; അടുത്ത അഞ്ച് വര്‍ഷത്തിനകം പുതിയ ഹിതപരിശോധന വേണം; എസ്എന്‍പി വിജയിച്ചാല്‍ ബ്രിട്ടന് തലവേദനയാകും

പുതിയ ഹിതപരിശോധന നടത്തുമെന്ന ചിന്ത വേണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി

യുകെയില്‍ നിന്നും വേര്‍പിരിയാന്‍ ആഗ്രഹിക്കുന്ന സ്‌കോട്ടിഷ് പൗരന്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. അടുത്ത ആഴ്ചകളിലായി പത്തില്‍ ആറ് സ്‌കോട്ടിഷുകാരും ഈ നീക്കത്തിന് നാടകീയമായ പിന്തുണ രേഖപ്പെടുത്തുകയാണ്. ലണ്ടനില്‍ നിന്നുള്ള യൂണിയന്‍ അനുകൂല ഭരണമെന്ന ബോറിസ് ജോണ്‍സന്റെ നിലപാടിന് പ്രധാന തിരിച്ചടിയാണ് പുതിയ സര്‍വ്വെ വിവരങ്ങള്‍. 

ബ്രക്‌സിറ്റും, കൊറോണാവൈറസും അരങ്ങുതകര്‍ക്കുമ്പോള്‍ ബ്രിട്ടനെ ഒരുമിച്ച് നിര്‍ത്താനുള്ള യത്‌നത്തിലാണ് പ്രധാനമന്ത്രി. എന്നാല്‍ ഇപ്പോള്‍ സ്വാതന്ത്ര്യത്തിനുള്ള ഹിതപരിശോധന നടത്തിയാല്‍ വോട്ട് ചെയ്യാന്‍ സാധ്യതയുള്ളവരില്‍ 58 ശതമാനവും യെസ് പറയുമെന്നും, 42 ശതമാനം നോ പറയുമെന്നും ഇപ്‌സോസ് മോറി എസ്ടിവിക്ക് വേണ്ടി നടത്തിയ അനാലിസിസ് കണ്ടെത്തി. 

2014 ഹിതപരിശോധനയില്‍ 55 ശതമാനം സ്‌കോട്ടിഷ് ജനങ്ങളും യുകെയുടെ ഭാഗമായി തുടരുന്നതിനെ പിന്തുണച്ചു. 45 ശതമാനം പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം പുതിയ സര്‍വ്വെയില്‍ എസ്എന്‍പി അടുത്ത മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയാല്‍ ബോറിസ് വീണ്ടുമൊരു ഹിതപരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് 64 ശതമാനം സ്‌കോട്ടിഷുകാര്‍ വിശ്വസിക്കുന്നു. പ്രധാനമന്ത്രി ഈ നിലപാട് നേരത്തെ തന്നെ തള്ളിയിട്ടുണ്ട്.

എന്നാല്‍ പുതിയ ഹിതപരിശോധന നടത്തുമെന്ന ചിന്ത വേണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. 2014-ല്‍ സ്‌കോട്ടിഷ് ജനത യുകെയെ ഒരുമിച്ച് നിര്‍ത്താന്‍ വോട്ട് ചെയ്തു. ഈ തീരുമാനത്തെ ബഹുമാനിക്കുമെന്ന് ഇരുപക്ഷവും തീരുമാനിച്ചതാണ്. ഈ തലമുറയിലെ ഒരേയോരു വോട്ടാകുമെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ ഉറപ്പ് നല്‍കിയതാണ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു. ഈ സമയത്ത് ഓരോ നിമിഷവും കൊവിഡ് പോരാട്ടത്തിലാണ് ശ്രദ്ധയെന്ന് നിക്കോള സ്റ്റര്‍ജന്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.