CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 47 Seconds Ago
Breaking Now

ആറാമത്തെ ജാമ്യാപേക്ഷയും യുകെ കോടതി തള്ളി; നിരവ് മോദി ലണ്ടന്‍ ജയിലില്‍ തന്നെ; പുതിയ തെളിവുകള്‍ നിരത്തിയിട്ടും ജഡ്ജിക്ക് ബോധിച്ചില്ല

വീട്ടുതടങ്കലില്‍ കഴിയാമെന്നും, 4 മില്ല്യണ്‍ പൗണ്ട് വരെ ബോണ്ട് ജാമ്യത്തുക കെട്ടിവെയ്ക്കാമെന്നും പറഞ്ഞിട്ടും കോടതി ഓരോ അപേക്ഷയും തള്ളുകയാണ്

കോടികള്‍ തട്ടി യുകെയിലേക്ക് മുങ്ങിയ വജ്രവ്യാപാരിയും, ഡിസൈനറുമായ നിരവ് മോദിയുടെ പുതിയ ജാമ്യാപേക്ഷയും യുകെ കോടതി തള്ളി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നാടുകടത്തല്‍ വാറന്റിനെ തുടര്‍ന്ന് അറസ്റ്റിലായ നിരവ് ഇതോടെ ലണ്ടന്‍ ജയിലില്‍ തുടരും. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 2 ബില്ല്യണ്‍ ഡോളര്‍ തട്ടിയെടുത്തതിന് പുറമെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് നിരവ് മോദി ഇന്ത്യയിലേക്കുള്ള നാടുകടത്തല്‍ ശ്രമങ്ങളെ നേരിടുന്നത്. 'പുതിയ തെളിവുകളുടെ' അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ നല്‍കിയതെങ്കിലും തള്ളാതിരിക്കാനുള്ള കാരണങ്ങളൊന്നും വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോര്‍ട്ട് ഡിസ്ട്രിക്ട് ജഡ്ജ് സാമുവല്‍ ഗൂസെയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. 

മജിസ്‌ട്രേറ്റ് കോടതിയിലും, ഹൈക്കോടതിയിലുമായി ആറ് തവണയാണ് നിരവ് മോദി ജാമ്യത്തിനായി ശ്രമിച്ചത്. എന്നാല്‍ വീട്ടുതടങ്കലില്‍ കഴിയാമെന്നും, 4 മില്ല്യണ്‍ പൗണ്ട് വരെ ബോണ്ട് ജാമ്യത്തുക കെട്ടിവെയ്ക്കാമെന്നും പറഞ്ഞിട്ടും കോടതി ഓരോ അപേക്ഷയും തള്ളുകയാണ് ചെയ്തത്. കൈയില്‍ കാശുള്ളതിനാല്‍ ജാമ്യം നല്‍കിയാല്‍ നിരവ് മുങ്ങുമെന്നാണ് കോടതിയുടെ നിരീക്ഷണം. 

സിബിഐയും, വിദേശകാര്യ മന്ത്രാലയവും, യുകെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് ഒത്തൊരുമിച്ച് നീങ്ങുന്നതാണ് ജാമ്യാപേക്ഷ തുടര്‍ച്ചയായി തള്ളാന്‍ വഴിയൊരുക്കുന്നതെന്ന് ഇതേക്കുറിച്ച് പ്രതികരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. കടുത്ത വിഷാദത്തിലേക്ക് നീങ്ങുന്നതിനാല്‍ ആത്മഹത്യാ സാധ്യതയുള്ളതായാണ് നിരവ് മോദിയുടെ ലീഗല്‍ ടീം കോടതിയെ അറിയിച്ചത്. 

നവംബര്‍ 3ന് വീഡിയോ ലിങ്ക് വഴിയാണ് നാടുകടത്തല്‍ കേസില്‍ നിരവ് മോദി ജഡ്ജ് മുന്‍പാകെ ഹാജരാകുന്നത്. ഇന്ത്യന്‍ അധികൃതര്‍ നല്‍കിയ തെളിവുകള്‍ സ്വീകരിക്കുന്ന വിഷയം ഈ വിചാരണയ്ക്ക് ശേഷമാകും ജഡ്ജ് തീരുമാനിക്കുക. 




കൂടുതല്‍വാര്‍ത്തകള്‍.