CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 45 Minutes 15 Seconds Ago
Breaking Now

ദില്ലി ചലോ മാര്‍ച്ച് ; തണുപ്പിനെ അവഗണിച്ച് കര്‍ഷകരുടെ പ്രതിഷേധം ; ജല പീരങ്കി ഉപയോഗിച്ച് പോലീസ്

ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ അംബാലയില്‍ നിന്ന് കുരുക്ഷേത്രയില്‍ എത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ കാര്‍ഷിക സംഘടനകള്‍ 'ദില്ലി ചലോ'മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഡിസംബറിലെ കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചു. കൊടും തണുപ്പായതിനാല്‍ ഭക്ഷണപദാര്‍ത്ഥങ്ങളും തീകായാനുള്ള വസ്തുക്കളുമായാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ മാര്‍ച്ചിന് അനുമതി നല്‍കാത്ത ഡല്‍ഹി പൊലീസ് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ അംബാലയില്‍ നിന്ന് കുരുക്ഷേത്രയില്‍ എത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്തുതന്നെയായാലും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കുരുക്ഷേത്രയില്‍ നിന്ന് കര്‍ഷകരുടെ സംഘം കര്‍ണാലിലെത്തി. കര്‍ഷകരുടെ മറ്റൊരു സംഘം ഇതിനകം സോനിപതിലേക്ക് മാര്‍ച്ച് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ അവര്‍ ഡല്‍ഹിയിലേക്ക് തിരിക്കും.

ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കര്‍ഷക സമരത്തെ നേരിടാന്‍ കനത്ത തയ്യാറെടുപ്പുകളാണ് ഡല്‍ഹിഹരിയാന അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തിയിലെമ്പാടും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അംബാല, കര്‍ണാല്‍, ഭിവാനി, ഝാജര്‍, സോനിപത് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സര്‍വീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്.

പഞ്ചാബില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നൂറുകണക്കിന് കര്‍ഷകരാണ് പ്രതിഷേധവുമായി ഡല്‍ഹി അതിര്‍ത്തിയിലെത്തിയിരിക്കുന്നത്. അഞ്ച് ഹൈവേകളിലൂടെയായി ഹരിയാന അതിര്‍ത്തിയിലൂടെ ഡല്‍ഹിയിലേക്ക് പ്രവേശിച്ച് വന്റാലി നടത്താനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. 200 കര്‍ഷകയൂണിയനുകള്‍ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.