Breaking Now

വിലക്ക് അനുസരിച്ചില്ലെങ്കില്‍ ന്യൂഇയര്‍ ലോക്ക്ഡൗണില്‍! ലോക്ക്ഡൗണ്‍ എന്ന പേര് ഒഴിവാക്കി രാജ്യത്തെ 99% മേഖലകളും അടച്ചുപൂട്ടി ബോറിസ്; അടുത്ത ആഴ്ച പദ്ധതി പാര്‍ലമെന്റില്‍ എത്തുമ്പോള്‍ കാണാമെന്ന് വെല്ലുവിളിച്ച് സ്വന്തം എംപിമാര്‍; ഏതാനും കേസുകള്‍ മാത്രമുള്ള ഇടങ്ങളും ടിയര്‍ 3യില്‍

പിന്‍വാതില്‍ വഴി ലോക്ക്ഡൗണ്‍ നടപ്പാക്കുന്നുവെന്ന ആരോപണം ബോറിസ് തള്ളി

രാജ്യത്തെ 99% മേഖലകളിലും സ്പ്രിംഗ് വരെ 'വിര്‍ച്വല്‍ ലോക്ക്ഡൗണ്‍' പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍. ലോക്ക്ഡൗണ്‍ എന്ന പേര് മാത്രം ഒഴിവാക്കിയപ്പോള്‍ ടിയര്‍ സിസ്റ്റത്തിലുള്ള വിലക്കുകളിലൂടെ സമാനമായ അവസ്ഥയാണ് ഫലത്തില്‍ ഇംഗ്ലണ്ടില്‍ നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ പദ്ധതിക്ക് എതിരെ സ്വന്തം പാര്‍ട്ടിയിലെ 70 എംപിമാരാണ് വിമതനീക്കം നടത്തുന്നത്. കോണ്‍വാള്‍, ഐല്‍ ഓഫ് വൈറ്റ്, ഐല്‍സ് ഓഫ് സിസിലി എന്നിവിടങ്ങളില്‍ മാത്രമാണ് ആളുകള്‍ക്ക് ഇന്‍ഡോറില്‍ സമ്പര്‍ക്കത്തില്‍ വരാന്‍ അനുമതിയുള്ളത്. 

പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഏറ്റവും വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രിക്ക് മുതിര്‍ന്ന ടോറികള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 32 മില്ല്യണ്‍ ജനങ്ങളെ ടിയര്‍ 2'ലും, 23 മില്ല്യണ്‍ പേര്‍ ടിയര്‍ 3'യിലും കുടുങ്ങും. കഴിഞ്ഞ ഒരാഴ്ചയില്‍ മൂന്ന് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കെന്റിലെ പെന്‍സ്ഹഴ്സ്റ്റ് ഗ്രാമം ടിയര്‍ 3'യിലാണ് ഇടംപിടിച്ചത്. എന്നാല്‍ കര്‍ശനമായ നിബന്ധനകള്‍ ജനങ്ങള്‍ പാലിക്കാത്ത പക്ഷം ജനുവരിയില്‍ മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണ്‍ വരുമെന്നാണ് പ്രധാനമന്ത്രിയുടെ ഭീഷണി. 

യുകെ കഠിനമായ വിന്ററാണ് നേരിടുന്നതെന്ന് ഐസൊലേഷന്‍ കഴിഞ്ഞെത്തിയ പ്രധാനമന്ത്രി നം.10 വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രണ്ടാം ലോക്ക്ഡൗണ്‍ വഴി രാജ്യത്ത് മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് ഇളവുകള്‍ വന്നാല്‍ വൈറസിന് മേലുള്ള നിയന്ത്രണം നഷ്ടമാകാന്‍ ഇടയുണ്ട്. പാടുപെട്ട് നേടിയ നേട്ടങ്ങള്‍ കൈവിട്ട് പോകും. ഇതോടെ ന്യൂഇയറില്‍ മറ്റൊരു ദേശീയ ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരും, ഇത് കനത്ത നഷ്ടങ്ങള്‍ വരുത്തുകയും ചെയ്യും, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പിന്‍വാതില്‍ വഴി ലോക്ക്ഡൗണ്‍ നടപ്പാക്കുന്നുവെന്ന ആരോപണം ബോറിസ് തള്ളി. 

ഷോപ്പുകളും, ഹെയര്‍ ഡ്രസറും, ജിമ്മും ഡിസംബര്‍ 2 മുതല്‍ ടിയര്‍ 3യില് പോലും തുറക്കുമെന്നാണ് അദ്ദേഹം ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നത്. ഉയര്‍ന്ന ടിയറില്‍ പെട്ടാലും ഇന്‍ഫെക്ഷന്‍ നിരക്ക് കുറയുന്നതിന് അനുസൃതമായി ഇളവുകള്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇതിന് വിപരീതമായാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പങ്കുവെച്ചത്. താഴ്ന്ന ടിയറിലേക്ക് രാജ്യത്തെ നല്ലൊരു ഭാഗവും പോകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് വിറ്റിയുടെ നിലപാട്. 
കൂടുതല്‍വാര്‍ത്തകള്‍.