CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 22 Seconds Ago
Breaking Now

ഏഴാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 2020 നവംബര്‍ 28 ന് അരങ്ങേറും

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നവംബര്‍ 28 ശനിയാഴ്ച്ച അരങ്ങേറും. കഴിഞ്ഞ വര്‍ഷം യുകെയിലെമ്പാടുമുള്ള ഇരുന്നൂറോളം സംഗീതോപാസകര്‍ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഇത്തവണ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് സംഗീതോത്സവം നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 28 ന് യുകെ സമയം ഉച്ചക്ക് 2 മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 7:30) സംഗീതോത്സവം സംപ്രേക്ഷണം ആരംഭിക്കും.

ചെമ്പൈ സ്വാമികളുടെ പരമ്പരയില്‍ പെട്ട ആദിത്യന്‍ ശിവകുമാറിന്റെ തത്സമയ അഷ്ടപദി സംഗീതാര്‍ച്ചനയോടെ സംഗീതോത്സവം ആരംഭിക്കും. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആദിത്യന്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ കൃഷ്ണനാട്ടം കലാകാരന്‍ ഡോ.പി ആര്‍ ശിവകുമാറിന്റെ മകനാണ്. ക്‌ളാസിക്കല്‍ കര്‍ണാടക സംഗീതത്തിലും അഷ്ടപദിയിലും പ്രാവീണ്യം തെളിയിച്ച ആദിത്യന്‍ 2019 കേരള സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

പിന്നണി ഗായകനും, കര്‍ണാടിക് സംഗീതജ്ഞനുമായ മുരളി രാമനാഥനും മകള്‍ ആദിത്യ മുരളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന പിന്നീട് സംപ്രേക്ഷണം ചെയ്യും. ഏഴാം വയസ്സ് മുതല്‍ സംഗീതം അഭ്യസിക്കുന്ന മുരളി രാമനാഥന്‍ ഇപ്പോള്‍ പ്രശസ്ത സംഗീതജ്ഞന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ ശിഷ്യനാണ്. വിവിധ തെന്നിന്ത്യന്‍ സിനിമകളിലും ആല്‍ബങ്ങളിലും പാടിയിട്ടുള്ള മുരളി രാമനാഥന്‍ 2007 ലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മത്സരാര്‍ഥിയുമായിരുന്നു.

തന്റെ അഞ്ചാം വയസ്സില്‍ അച്ഛന്‍ മുരളി രാമനാഥന്റെ ശിക്ഷണത്തില്‍ സംഗീതാഭ്യാസം ആരംഭിച്ച ആദിത്യ മുരളി പിന്നീട് ശ്രീമതി ശ്രീകല രവീന്ദ്രന്‍, വന്ദന കൃഷ്ണമൂര്‍ത്തി എന്നീവരുടെ ശിക്ഷണത്തിലും സുബ്രഹ്മണ്യം അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട്‌സിലും സംഗീതം അഭ്യസിച്ചു. NIE Times ഗീത് സംഗീത് , ഗ്യാന സമാജ സഭ Annual Competitions മുതലായ മത്സരങ്ങളില്‍ വിജയിയായ ആദിത്യ Young Artiste 2020 for Carnatic Music ല്‍ രാജ്യാന്തര തലത്തില്‍ ആദ്യ 25 ഗായകരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ചു നടത്തിയ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം 2020 ലെ പഞ്ചരത്‌നകീര്‍ത്തനാലാപനം സംപ്രേക്ഷണം ചെയ്ത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തി കുറിക്കും. ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിനെ അനുസ്മരിച്ചു നടത്തുന്ന ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലെ ത്യാഗരാജ സ്വാമി വിരചിതമായ പഞ്ചരത്‌ന കീര്‍ത്തനം സംപ്രേക്ഷണം ചെയ്യുവാന്‍ സാധിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. സംപ്രേക്ഷണത്തിനു വേണ്ട സഹായങ്ങള്‍ നല്‍കിയ രഞ്ജിത്ത് ഗുരുവായൂരിനും ബാല ഗുരുവായൂരിനും ഭാരവാഹികള്‍ പ്രത്യേക നന്ദി അറിയിച്ചു. എല്ലാവര്ഷത്തെയും പോലെ രാജേഷ് രാമന്റെ നേതൃത്വത്തിലാണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം അരങ്ങേറുന്നത്.

ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ഏഴാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിലേക്ക് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.

Working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.

For more information kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.

To participate: Kindly visit LHA's Facebook page  https://www.facebook.com/londonhinduaikyavedi.org/

 

 




കൂടുതല്‍വാര്‍ത്തകള്‍.