CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 36 Seconds Ago
Breaking Now

സഖ്യ കക്ഷികളുടെ ഒതുക്കാനുള്ള ശ്രമത്തിന് വഴങ്ങാതിരിക്കാന്‍ പുതുവഴി തേടി കോണ്‍ഗ്രസ് ; വിജയ സാധ്യതയുള്ള സീറ്റുകള്‍ കണ്ടെത്താന്‍ രാഹുലിന്റെ നിര്‍ദ്ദേശം

തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ഇനി രാഹുല്‍ ഗാന്ധി നേരിട്ടാണ് നോക്കുക.

കോണ്‍ഗ്രസില്‍ ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ചില മാറ്റങ്ങള്‍ ഒരുങ്ങുന്നു. സഖ്യത്തിലെ വലിയ കക്ഷികള്‍ പറയുന്നത് കേട്ട് ഇനി ബലിയാടാവാനില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കുകയാണ്. തോല്‍വിയെ തുടര്‍ന്ന് ഇനി വിജയസാധ്യതയുള്ള സീറ്റുകള്‍ കണ്ടെത്താനാണ് രാഹുലിന്റെ നിര്‍ദേശം. അത്തരം സീറ്റുകളില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. തുടക്കം തമിഴ്‌നാട്ടിലായിരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ഇനി രാഹുല്‍ ഗാന്ധി നേരിട്ടാണ് നോക്കുക. സര്‍വേ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ആ ഡാറ്റ ഇഴകീറി പരിശോധിച്ച ശേഷമാണ് ഇനി എത്ര സീറ്റില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുക. വിജയിക്കുന്ന സീറ്റുകള്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തും. ഇവ സഖ്യത്തില്‍ അവതരിപ്പിക്കും. എല്ലാ യുപിഎ കക്ഷികളോടും വിജയിക്കുന്ന സീറ്റുകള്‍ നല്‍കാന്‍ ആവശ്യപ്പെടും. ബീഹാറില്‍ ആര്‍ജെഡിയുടെ നിര്‍ബന്ധപ്രകാരം വിജയസാധ്യതയില്ലാത്ത സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നു. അത് വലിയ തിരിച്ചടിയാവുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. രാഹുല്‍ ഗാന്ധി അവിടെ നിന്നുള്ള സീനിയര്‍ നേതാക്കളുടെ യോഗം നേരത്തെ വിളിച്ചിരുന്നു. സ്‌പെഷ്യല്‍ കമ്മിറ്റി അംഗങ്ങളും ഇതില്‍ പങ്കെടുത്തിരുന്നു. സോണിയാ ഗാന്ധിയുടെ ഉപദേഷ്ടാക്കളാണ് പ്രത്യേക കമ്മിറ്റി അംഗങ്ങള്‍. ഇവിടെ ഡിഎംകെയുമായി സഖ്യം തീരുമാനിക്കുമ്പോള്‍ മത്സരിക്കേണ്ട സീറ്റുകള്‍ ഏതൊക്കെയാണ് കോണ്‍ഗ്രസ് അടയാളപ്പെടുത്തും. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി രാഹുല്‍ നേരിട്ട് സംസാരിക്കുകയും ചെയ്യും.

സഖ്യകക്ഷികളില്‍ പലരും കോണ്‍ഗ്രസിനെ ഒതുക്കാനുള്ള ശ്രമത്തിലാണ്. ഡിഎംകെ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ഇത്തവണ അനുവദിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. 2016ലെ മോശം പ്രകടനം വിലയിരുത്തിയാണ് ഈ തീരുമാനം. മത്സരിച്ച 40 സീറ്റില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് ആ സമയം വിജയിച്ചത്. 20 ശതമാനത്തില്‍ താഴെ സ്‌ട്രൈക്ക് റേറ്റാണ് കോണ്‍ഗ്രസിനുള്ളത്. ഡിഎംകെയുള്ള നാണംകെട്ട തോല്‍വിക്ക് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് ആ സമയത്തും ആരോപണുണ്ടായിരുന്നു.

രാഹുലിന്റെ നിര്‍ദേശപ്രകാരം എല്ലാ മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസ് പരിശോധിക്കും. അതില്‍ നിന്ന് ജയിക്കുന്ന സീറ്റുകളും തിരഞ്ഞെടുക്കും. സഖ്യം സംബന്ധിച്ച ചര്‍ച്ചകളും സീറ്റ് വിഭജനവും ആരംഭിക്കുന്നതിന് മുമ്പേ ഈ സര്‍വേ പൂര്‍ത്തിയാക്കും. അസമിലും ഈ രീതി തന്നെയാണ് പിന്തുടരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.