CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 40 Minutes 22 Seconds Ago
Breaking Now

ഇന്ത്യക്കാര്‍ക്ക് കൊവിഡ് വാക്‌സിനില്‍ ബീഫ്-പോര്‍ക്ക് 'പേടി'; സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍; യുകെയിലെ സൗത്ത് ഏഷ്യന്‍ സമൂഹം വാക്‌സിന്‍ കുത്തിവെയ്ക്കാന്‍ വിമുഖത കാണിക്കുന്നതില്‍ ആശങ്ക; ബ്രിട്ടനില്‍ മഹാമാരിയെ തടുത്ത് നിര്‍ത്താന്‍ വൈകും? ഓക്‌സ്‌ഫോര്‍ഡ്, ഫിസര്‍ വാക്‌സിനുകളില്‍ മൃഗങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന ഒരു ചേരുവയുമില്ലെന്ന് സ്ഥിരീകരിച്ച് എംഎച്ച്ആര്‍എ

ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസെനെക വാക്‌സിനിലും, ഫിസര്‍-ബയോഎന്‍ടെക് കൊവിഡ് വാക്‌സിനിലും മൃഗങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന യാതൊരു പദാര്‍ത്ഥവും ഉപയോഗിച്ചിട്ടില്ലെന്ന് യുകെ വാക്‌സിന്‍സ് റെഗുലേറ്റര്‍ എംഎച്ച്ആര്‍എ

ബ്രിട്ടനിലെ സൗത്ത് ഏഷ്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ കൊവിഡിന് എതിരായ വാക്‌സിനേഷനോട് വിമുഖത. ഇതുമൂലം രാജ്യത്തെ മഹാമാരിയെ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നീളുമെന്നാണ് ആശങ്ക. എല്ലാ സമൂഹങ്ങള്‍ക്കിടയിലും രോഗസാധ്യത അധികമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി ഹെര്‍ഡ് ഇമ്മ്യൂണിറ്റി സാധ്യമാക്കാനുള്ള ലക്ഷ്യമാണ് ഇതോടെ അകന്ന് പോകുന്നത്. 

'യുകെയിലെ ബെയിം വിഭാഗങ്ങളില്‍ വലിയ തോതില്‍ ആളുകള്‍ വാക്‌സിനോട് മുഖം തിരിക്കുന്നുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ മൂലമാണെന്നാണ് കരുതുന്നത്', ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ബിഎപിഐഒ) പ്രസിഡന്റ് ഡോ. രമേഷ് മേത്ത പറഞ്ഞു. അറിവില്‍ വരാത്ത സൈഡ് ഇഫക്ടുകള്‍, പ്രത്യേകിച്ച് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍, വാക്‌സിനുകളില്‍ മൃഗ ഉത്പന്നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന അഭ്യൂഹങ്ങള്‍, ബീഫും, പോര്‍ക്കും പോലുള്ള ഉണ്ടെന്ന വ്യാജ പ്രചരണങ്ങള്‍ എന്നിവയാണ് ബ്രിട്ടീഷ് ഏഷ്യക്കാരിലെ പ്രധാന ആശങ്കകളെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസെനെക വാക്‌സിനിലും, ഫിസര്‍-ബയോഎന്‍ടെക് കൊവിഡ് വാക്‌സിനിലും മൃഗങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന യാതൊരു പദാര്‍ത്ഥവും ഉപയോഗിച്ചിട്ടില്ലെന്ന് യുകെ വാക്‌സിന്‍സ് റെഗുലേറ്റര്‍ എംഎച്ച്ആര്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. ഫിസര്‍ വാക്‌സിന്‍ നല്‍കിയ 29 പ്രായമായ രോഗികള്‍ വിവിധ രോഗാവസ്ഥകള്‍ മൂലം മരിച്ച വാര്‍ത്തയും ഒട്ടും സഹായകരമായില്ലെന്ന് മേത്ത കൂട്ടിച്ചേര്‍ത്തു. ഏതാനും ഇന്ത്യന്‍ വംശജ എന്‍എച്ച്എസ് ഡോക്ടര്‍മാരും വാക്‌സിനുകള്‍ സംബന്ധിച്ച് സംശയങ്ങള്‍ പ്രകടമാക്കിയെന്ന് അദ്ദേഹം പറയുന്നു. 

എല്ലാ പ്രാദേശിക ഭാഷകളിലും വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രചരിക്കുന്നതില്‍ എന്‍എച്ച്എസും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും പരാജയപ്പെട്ടത് മറ്റൊരു പ്രശ്‌നമായി. സമൂഹങ്ങളെ വാക്‌സിനിലേക്ക് എത്തിക്കാന്‍ ബിഎപിഐഒ വെബിനാറുകളും, ഉപദേശങ്ങളും നല്‍കുന്നുണ്ട്. വലിയ തോതില്‍ ആളുകള്‍ വാക്‌സിന്‍ ഒഴിവാക്കിയാല്‍ മഹാമാരി അവസാനിക്കാന്‍ ഏറെ വൈകും, ഇവര്‍ കൊവിഡ്-19 പിടിപെടുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയും, ഡോ. രമേഷ് മേത്ത വ്യക്തമാക്കി. 

വാക്‌സിന്‍ സംബന്ധിച്ച് ഇന്ത്യക്കാര്‍ക്കിടയില്‍ ഹിന്ദു കൗണ്‍സില്‍ യുകെ നടത്തിയ സര്‍വ്വെയില്‍ 56% ബ്രിട്ടീഷ് ഇന്ത്യക്കാര്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് പ്രതികരിച്ചപ്പോള്‍ 31% പേര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നതാണ് അവസ്ഥ. കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഉപയോഗിക്കാമെന്ന് അറിയിച്ച് ജനറല്‍ സെക്രട്ടറി രജനീഷ് കശ്യപ്, വാക്‌സിന്‍സ് മന്ത്രി നാദിം സവാഹിയെ കണ്ടിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.