കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവായി സ്ഥിരീകരിക്കുന്ന ഓരോരുത്തര്‍ക്കും 500 പൗണ്ട് വീതം നല്‍കാനുള്ള നാടകീയ പദ്ധതികളുമായി ബ്രിട്ടീഷ് മന്ത്രിമാര്‍. ആഴ്ചയില്‍ 450 മില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതി വഴി കൂടുതല്‍ ആളുകളെ കൊണ്ട് ടെസ്റ്റ് ചെയ്യിക്കാനും, ഇവരെ സെല്‍ഫ് ഐസൊലേറ്റ് ചെയ്യിപ്പിച്ച് വൈറസിന്റെ വ്യാപനം തടയുകയുമാണ് ലക്ഷ്യം.
മാറ്റ് ഹാന്‍കോകിന്റെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഈ പദ്ധതി നടപ്പാക്കണമെന്ന താല്പര്യത്തിലാണുള്ളത്. കൊവിഡ് ലക്ഷണങ്ങളുള്ള നിരവധി പേര് പോസിറ്റീവ് റിസല്‍റ്റ് ലഭിച്ചാല്‍ ജോലിക്ക് പോകാന്‍ കഴിയില്ലെന്ന അവസ്ഥ മുന്‍നിര്‍ത്തി ടെസ്റ്റില്‍ നിന്നും ഒഴിഞ്ഞ് നില്ക്കുന്നതായി അധികൃതര്‍ ഭയപ്പെടുന്നു. ഈ പ്രശ്നം ഒഴിവാക്കാനാണ് പോസിറ്റീവ് ടെസ്റ്റ് ഫലം ലഭിക്കുന്നത് സാമ്പത്തിക സഹായം നല്കുന്ന ടെസ്റ്റ് & ട്രേസ് സപ്പോര്‍ട്ട് പേയ്മെന്റ് ആവിഷ്കരിച്ചത്.
എന്നാല്‍ ഈ പദ്ധതി കുറഞ്ഞ വരുമാനം നേടുന്നവര്‍ക്കായി പരിമിതപ്പെടുത്തിയാണ് നടപ്പാക്കിയത്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയാത്ത, ബെനഫിറ്റ് ലഭിക്കുന്നവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. പുതിയ 500 പൗണ്ട് പേയ്മെന്റ് ഇംഗ്ലണ്ടില്‍ താമസിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുക. പ്രായം, തൊഴില്‍, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസ്ഥ എന്നിവയൊന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല. അതേസമയം പദ്ധതി ചര്‍ച്ചയില്‍ ഉണ്ടെങ്കിലും എപ്പോള്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ യാതൊരു തീരുമാനവും ആയിട്ടില്ലെന്നാണ് സര്‍ക്കാര്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.
കൊവിഡ് പോസിറ്റീവ്, ഐസൊലേഷന്‍ എന്നിവ നേരിടുന്ന വ്യക്തികള്‍ക്ക് പണം നല്‍കാനുള്ള നീക്കങ്ങള്‍ ട്രെഷറിയുടെ എതിര്‍പ്പ് നേരിടും. തന്റെ മാര്‍ച്ച് ബജറ്റില്‍ പൊതു ധനകാര്യ അച്ചടക്കം തിരികെ പിടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചാന്‍സലര്‍ ഋഷി സുനാക് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ പണം ഇറക്കി കടം കൂട്ടാന്‍ ചാന്‍സലര്‍ തയ്യാറായേക്കില്ല.