Breaking Now

എല്‍ഡിഎഫ് യുകെ പ്രചാരണ കമ്മിറ്റി എംവി ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ഇടതുപക്ഷ ജനകീയസര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ച ലക്ഷ്യമാക്കി യുകെയില്‍ LDF ക്യാമ്പയിന്‍ കമ്മിറ്റി രൂപീകരിച്ചു.  ഓണ്‍ലൈനായി  നടന്ന പ്രഥമ ഇടതുമുന്നണി യുകെ പ്രചാരണ കണ്‍വെന്‍ഷനില്‍  സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തിനാകെ മാതൃകയായ ഇടതുപക്ഷ ബദല്‍ ആണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ എന്നും പ്രതിസന്ധികള്‍ക്കിടയിലും ജനതയെ ചേര്‍ത്തുപിടിച്ചു മഹാമാരികള്‍ക്കെതിരെ പോരാടി ലോകത്തിനു മുന്നില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം നാടിന്റെ ആവശ്യം ആണെന്നും അതിനായി യുകെയിലെ പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്നും ഗോവിന്ദന്‍മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

കണ്‍വീനര്‍ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ശ്രീ. റോഷി അഗസ്റ്റിന്‍  MLA മുഖ്യാതിഥി ആയിരുന്നു.

കേരളത്തിലെ പിണറായി സര്‍ക്കാര്‍ വളരെ മികച്ച പ്രവര്‍ത്തനം ആണ് കാഴ്ചവെക്കുന്നതെന്നും  നാല്‍പതു വര്‍ഷം യുഡിഎഫിന്റെ ഭാഗമായി നിന്നിട്ടു കിട്ടാത്ത പരിഗണനയാണ് എല്‍ഡിഫില്‍ പുതുതായി വന്ന കേരളാകോണ്‍ഗ്രസിനു കിട്ടുന്നതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഏതൊരു പ്രതിസന്ധിയെയെയും തരണം ചെയ്യാന്‍  ശേഷിയുള്ള സഖാവ് പിണറായി വിജയന്‍ പ്രകൃതി ദുരന്തത്തെയും, നിപ്പ വൈറസിനെയും, സമചിത്തതയോടെ നേരിട്ട്  ഇന്ന് കൊറോണയെ തുരത്തിയോടിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. മലയോര  മേഖലയിലെ ജനങ്ങളോടുള്ള പരിഗണന  യോടൊപ്പം വികസന സ്വപ്നങ്ങള്‍ക്ക്  യാതൊരു തടസവും ഉണ്ടാകാതിരിക്കാന്‍  ഇടതുപക്ഷ ഗവെര്‍ന്മെന്റ് പ്രത്യേകം ശ്രദ്ധിച്ചുവെന്നും ആക്ഷേപങ്ങളുടെ പെരുമഴ ഉണ്ടായിട്ടും സ്വസ്ഥതയോടെ ഭരണം നടത്താനുള്ള സാഹചര്യം ഉണ്ടായില്ലെങ്കില്‍ പോലും അവിടെയൊന്നും മുട്ട് മടക്കാതെ ദീര്‍ഘ വീക്ഷണത്തോടെ  നമ്മെ നയിച്ച പിണറായി സര്‍ക്കാരിന്റെ തുടര്ഭരണം സാധ്യമാകുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലയെന്നും റോഷി അഗസ്റ്റിന്‍ എം എല്‍ എ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു .

യോഗത്തിനെത്തിയവര്‍ക്ക് ശ്രീ. ഷൈമോന്‍ തോട്ടുങ്കല്‍ സ്വാഗതം പറഞ്ഞു.  AIC യുകെയുടെ സെക്രട്ടറിയും LDF യുകെ മുഖ്യരക്ഷാധികാരിയുമായ ഹര്‍സെവ് ബെയ്ന്‍സ് ക്യാമ്പയിന്‍ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ 21 അംഗ കമ്മിറ്റി രൂപീകരിച്ചു. കണ്‍വീനറായി  ശ്രീ.രാജേഷ് കൃഷ്ണയും ജോ. കണ്‍വീനര്‍മാരായി ശ്രീ.മുരളി വെട്ടത്തും ശ്രീ. മാനുവല്‍ മാത്യുവും ചുമതലയേല്‍ക്കും.  പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സബ് കമ്മിറ്റികള്‍ പിന്നീട് രൂപീകരിക്കുമെന്ന് കണ്‍വീനര്‍ യോഗത്തില്‍ അറിയിച്ചു.

Zoom മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ഫേസ്ബുക്ക് ലൈവ് ഒരുക്കിയിരുന്നു. ഏതാണ്ട് രണ്ടായിരത്തഞ്ഞൂറിലധികം പേര്‍ ഫേസ്ബുക്ക് ലൈവില്‍ പരിപാടി വീക്ഷിച്ചു.

യോഗത്തില്‍ പങ്കെടുത്തും പിന്നണിയില്‍ പ്രവര്‍ത്തിച്ചും ക്യാമ്പയിന്‍ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ വന്‍വിജയം ആക്കിയ എല്ലാവര്‍ക്കും ജോ.കണ്‍വീനര്‍ ശ്രീ. മുരളി വെട്ടത്ത് നന്ദി രേഖപ്പെടുത്തി.

 

 

 
കൂടുതല്‍വാര്‍ത്തകള്‍.