കറ കളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്നും ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ മാത്രം ബി ജെ പി വളര്‍ന്നിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി. എന്‍ ഡി എ മുന്നണിയിലേക്ക് ശോഭ സുരേന്ദ്രന്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് പി കെ കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത്.
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ മാത്രം ബി ജെ പി വളര്‍ന്നിട്ടില്ല. അതിനു വച്ച വെള്ളം അങ്ങ് വാങ്ങി വച്ചാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മലപ്പുറത്ത് നടന്ന മുസ്ലിം ലീഗിന്റെ സൗഹൃദ സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിലെ ഇടതുമുന്നണി ഇപ്പോള്‍ സംസാരിക്കുന്നത് ബി ജെ പിയുടെ ഭാഷയിലാണ്. അതുകൊണ്ടു തന്നെ ബി ജെ പിക്ക് മുന്നണിയിലേക്ക് ക്ഷണിക്കാന്‍ നല്ലത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ്' കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയില്‍ ബി ജെ പിയെ നേരിടുന്നതില്‍ മുന്നിലുള്ളത് കോണ്‍ഗ്രസ് ആണ്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് മുന്നണിയില്‍ നില കൊള്ളുന്നതില്‍ മുസ്ലിം ലീഗിന് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.