CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 31 Minutes 28 Seconds Ago
Breaking Now

വിവാഹ ശേഷം കന്യകത്വ പരിശോധന നടത്തി ; കന്യകയല്ലെന്ന് ആരോപിച്ച് വിവാഹമോചനത്തിന് നിര്‍ദ്ദേശിച്ച് ജാട്ട് പഞ്ചായത്ത് ; പരാതിയുമായി സഹോദരിമാര്‍

പരിശോധനയ്ക്ക് ശേഷം തങ്ങള്‍ കന്യകയല്ലെന്ന് ആരോപിച്ച് ഭര്‍ത്താക്കന്‍മാരും അവരുടെ വീട്ടുകാരും ഉപദ്രവം ആരംഭിച്ചുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ വിവാഹത്തിന് ശേഷം ഭര്‍തൃഗൃഹത്തില്‍ നടത്തിയ വിര്‍ജിനിറ്റി ടെസ്റ്റില്‍ വിജയിച്ചില്ലെന്നാരോപിച്ച് സഹോദരിമാര്‍ക്ക് വിവാഹമോചനം നിര്‍ദ്ദേശിച്ച് ജാട്ട് പഞ്ചായത്ത്. തുടര്‍ന്ന് രണ്ട് യുവതികളുടെയും പരാതിയില്‍ ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെയും ജാട്ട് പഞ്ചായത്ത് നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

കോലപ്പൂരിലെ കാഞ്ചര്‍ഭട്ട് സമുദായത്തില്‍പ്പെട്ട രണ്ട് യുവതികളാണ് പരാതിയുമായി രംഗത്തെത്തിയത്. 2020 നവംബറിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തിയ ഇവരെ വിര്‍ജിനിറ്റി ടെസ്റ്റിന് വിധേയമാക്കിയിരുന്നു. പരിശോധനയ്ക്ക് ശേഷം തങ്ങള്‍ കന്യകയല്ലെന്ന് ആരോപിച്ച് ഭര്‍ത്താക്കന്‍മാരും അവരുടെ വീട്ടുകാരും ഉപദ്രവം ആരംഭിച്ചുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

ബന്ധം തുടരണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്നും വരെ ഭര്‍തൃവീട്ടുകാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും സഹോദരിമാര്‍ പറഞ്ഞു.

ഇതിന്റെ പേരില്‍ ഭര്‍ത്താക്കന്‍മാര്‍ തങ്ങളെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും സഹോദരിമാര്‍ പറഞ്ഞു. പിന്നീട് ഇവരെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.

തുടര്‍ന്ന് രണ്ട് യുവതികളുടെയും വീട്ടുകാര്‍ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ജാട്ട് പഞ്ചായത്തിനെ സമീപിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി ജാട്ട് പഞ്ചായത്ത് അംഗങ്ങള്‍ യുവതികളുടെ അമ്മയില്‍ നിന്ന് നാല്‍പ്പതിനായിരത്തോളം രൂപ വാങ്ങുകയും ചെയ്തു.

പിന്നീട് 2021 ഫെബ്രുവരിയില്‍ ചേര്‍ന്ന ജാട്ട് പഞ്ചായത്ത് യോഗത്തില്‍ വെച്ചാണ് പ്രശ്‌നത്തിന് പരിഹാരം വിവാഹ മോചനമെന്ന് ജാട്ട് പഞ്ചായത്ത് പ്രഖ്യാപിച്ചത്. അതോടൊപ്പം പരാതിയുന്നയിച്ച സഹോദരിമാരെ സമുദായത്തില്‍ നിന്ന് പുറത്താക്കിയതായും ഇവരുടെ പരാതിയില്‍ പറയുന്നു.

തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കാന്‍ യുവതികളുടെ മാതാപിതാക്കള്‍ രംഗത്തെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.