കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചു നില്ക്കുമ്പോള് കൂടുതല്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഒന്നാം കോവിഡ് വ്യാപനത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ യുവാക്കളിലാണ് കോവിഡ് കൂടുതലായി കാണപ്പെടുന്നത്. കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരേയും സാരമായി ബാധിച്ച കോവിഡ് രണ്ടാം വരവില്‍ ആരോഗ്യമുള്ളവരെയാണ് പിടികൂടുന്നത്. രാജ്യത്തിന്റെ മനുഷ്യസമ്പത്തിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കോവിഡ് പിടിമുറുക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളിലും കാര്യമായ മാറ്റം കാണിക്കുന്നുണ്ടെന്ന് അവര്‍ വിശദമാക്കി.
'പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല'ജെനസ്ട്രിങ്സ് ഡയഗനോസ്റ്റിക് സെന്റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഗൗരി അഗര്‍വാള്‍ പറഞ്ഞു.
രോഗബാധിതരില്‍ 65 ശതമാനം ആളുകളും 45 വയസ്സില്‍ താഴെയുള്ളവരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'രണ്ടാം തരംഗത്തില്‍ 12നും 15നും താഴെ പ്രായമുള്ള കുട്ടികളില്‍ വരെ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല' മഹാരാഷ്ട്ര കോവിഡ് ടാസ്ക് ഫോഴ്സ് അംഗമായ ഖുഷ്റവ് ഭജന്‍ പറയുന്നു. രണ്ട് തവണ ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നും ഇവ കൂടുതല്‍ അപകടകാരിയാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കോവിഡ് വ്യാപനം വര്‍ധിച്ചതിനിടെ പല സംസ്ഥാനങ്ങളും വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും ഏര്‍പെടുത്തിയെങ്കിലും ഇവ മതിയാകില്ലെന്നും ദീര്‍ഘകാലത്തേക്ക് ലോക്ക്ഡൗണ്‍ ഏര്പെടുത്തിയാല് മാത്രമേ കോവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ സാധിക്കൂവെന്ന് ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയിലെ ശ്യാം അഗര്‍വാള്‍ വ്യക്തമാക്കി.