CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 39 Minutes 37 Seconds Ago
Breaking Now

യുകെ മലയാളികള്‍ക്ക് അഭിമാനമായി അമിക ജോര്‍ജ്ജിന് 'ക്യൂന്‍സ് ബര്‍ത്ത്‌ഡേ ഹോണേഴ്‌സ്; എംബിഇ ലഭിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ വിജയി; 17-ാം വയസ്സില്‍ ബ്രിട്ടനിലെ ആര്‍ത്തവ ദാരിദ്ര്യം അകറ്റാന്‍ ഇറങ്ങിത്തിരിച്ച ചങ്കൂറ്റത്തിന് സമ്മാനം; രാജ്ഞിയുടെ സമ്മാനം വാങ്ങുമ്പോഴും ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറിച്ചുള്ള നിലപാട് തിരുത്താത്ത ആ പെണ്‍കുട്ടിക്ക് കൈയടിക്കണം!

ആര്‍ത്തവ ഉത്പന്നങ്ങള്‍ ലഭിക്കാത്തതിനാല്‍ ഒരാഴ്ചക്കാലം സ്‌കൂള്‍ നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ യുകെയിലുണ്ടെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതായിരുന്നു

മലയാളികള്‍ക്ക് ബ്രിട്ടനില്‍ ചെന്ന് കയറിയാല്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യത്തിന് ഏറ്റവും 'മഹത്തായ' ഉത്തരമാണ് അമിക ജോര്‍ജ്ജ്. വെറും 17-ാം വയസ്സില്‍ രാജ്യത്തെ സ്ത്രീകളും, പെണ്‍കുട്ടികളും നേരിടുന്ന ആര്‍ത്തവ ദാരിദ്ര്യം പരിഹരിക്കാന്‍ അരയും, തലയും മുറുക്കി രംഗത്തിറങ്ങി കൊണ്ടാണ് അമിക തന്റെ നിശ്ചയദാര്‍ഢ്യം തെളിയിച്ചത്. ആ മനസ്സുറപ്പിന് അംഗീകാരമായി ക്യൂന്‍സ് ബര്‍ത്ത്‌ഡേ ഹോണേഴ്‌സിന്റെ ഭാഗമായി ഈ വര്‍ഷത്തെ എംബിഇ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഈ 21-കാരി. 

നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ എഡ്ജ്‌വെയറില്‍ നിന്നുള്ള അമിക ജോര്‍ജ്ജ് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടമാകുന്നത് ഒഴിവാക്കാന്‍ സൗജന്യ ആര്‍ത്തവ ഉത്പന്നങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ക്യാംപെയിന്‍ നടത്തിയത്. ഇംഗ്ലണ്ടിലെ എല്ലാ സ്റ്റേറ്റ് സ്‌കൂളുകളിലും, കോളേജുകളിലും ഈ ഉത്പന്നങ്ങള്‍ നല്‍കാനുള്ള ചെലവ് യുകെ സര്‍ക്കാര്‍ ഏറ്റെടുക്കാനും അമികയുടെ സംഘടന വഴിയൊരുക്കി. ഈ പോരാട്ടത്തിലൂടെ വിദ്യാഭ്യാസത്തിന് നല്‍കിയ സേവനങ്ങള്‍ക്കാണ് എംബിഇ അവാര്‍ഡ്. 

എന്നാല്‍ രാജ്ഞിയുടെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ ആദ്യം അസ്വസ്ഥത തോന്നിയെന്ന് ഈ വര്‍ഷത്തെ പ്രായം കുറഞ്ഞ അവാര്‍ഡ് ജേതാവ് പ്രതികരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യം ഭീകരവും, ചൂഷണപരവുമായ പരിപാടിയാണെന്ന് അമിക അഭിപ്രായപ്പെട്ടു. എന്നാല്‍ രാഷ്ട്രീയത്തിലും, ആക്ടിവിസത്തിലും കറുത്ത ചെറുപ്പക്കാരുടെ പ്രാതിനിധ്യം കുറവാണെന്നത് പരിഗണിച്ചാണ് താന്‍ അവാര്‍ഡ് സ്വീകരിക്കുന്നതെന്ന് അമിക ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. 

കേരളത്തില്‍ നിന്നും ബ്രിട്ടനിലെത്തിയ മാതാപിതാക്കളുടെ മകളായ അമിക നാല് വര്‍ഷം മുന്‍പ് യുകെയിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ആര്‍ത്തവ ദാരിദ്ര്യത്തെ കുറിച്ച് വായിച്ചറിഞ്ഞതോടെയാണ് പോരാട്ടം തുടങ്ങിയത്. ആര്‍ത്തവ ഉത്പന്നങ്ങള്‍ ലഭിക്കാത്തതിനാല്‍ ഒരാഴ്ചക്കാലം സ്‌കൂള്‍ നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ യുകെയിലുണ്ടെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതായിരുന്നു. 

ഈ വസ്തുത തന്നെ ഞെട്ടിക്കുകയും, രോഷാകുലയാക്കുകയും ചെയ്‌തെന്ന് അമിക വ്യക്തമാക്കി. 2017 അവസാനത്തോടെ ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നടത്തിയ പ്രതിഷേധങ്ങളില്‍ അണിനിരന്നവരുടെ എണ്ണം 2000ന് മുകളിലേക്ക് എത്തി. പെറ്റീഷനില്‍ 180,000 പേര്‍ ഒപ്പും വെച്ചു. 2020ല്‍ സ്‌കൂളിലും, കോളേജിലും ആവശ്യമുള്ള ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സ്‌കീം ആരംഭിച്ചെങ്കിലും കൊവിഡ്-19 വീണ്ടും ആര്‍ത്തവ ദാരിദ്ര്യം വര്‍ദ്ധിപ്പിച്ചെന്ന് അമിക ചൂണ്ടിക്കാണിക്കുന്നു. 

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ അമിക ജോര്‍ജ്ജ് ഇന്ത്യന്‍ കൊളോണിയല്‍ ഹിസ്റ്ററിയും, ബ്രിട്ടന് അടിമ വ്യാപാരവുമായുള്ള ബന്ധവുമാണ് പഠനവിധേയമാക്കിയത്. തനിക്ക് എംബിഇ നല്‍കുന്നതായുള്ള ഇമെയില്‍ ലഭിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. 'ഇത്തരമൊരു അവാര്‍ഡ് എന്റെ പേരിനൊപ്പം ചേര്‍ക്കേണ്ടതുണ്ടോയെന്നാണ് ആദ്യം ചിന്തിച്ചത്. എന്നാല്‍ അത്രയൊന്നും രാഷ്ട്രീയ ശക്തിയില്ലാതെ, ശ്രദ്ധിക്കപ്പെടാതെ ഇരിക്കുന്ന ഏഷ്യക്കാരായ ചെറുപ്പക്കാര്‍ക്ക് ഓര്‍മ്മപ്പെടുത്തലായി മാറാന്‍ ഇത് വഴി സാധിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും, രാഷ്ട്രീയ നടപടികള്‍ക്കും മറ്റ് വെള്ളക്കാരായ പുരുഷന്‍മാരുടേത് പോലെ പ്രാധാന്യമുണ്ട്', അമിക ജോര്‍ജ്ജ് ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.