CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Seconds Ago
Breaking Now

'നെഞ്ചില്‍ കോടാലി കൊണ്ട് വെട്ടുന്ന ഫീല്‍, എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു'; ആശുപത്രി കിടക്കയില്‍ നിന്നും അനുഭവങ്ങള്‍ വിവരിച്ച് സാന്ദ്ര തോമസ്

ഡെങ്കിപ്പനി ഗുരുതരമായതിനെ തുടര്‍ന്ന് നടി സാന്ദ്ര തോമസ് ദിവസങ്ങളോളം ഐസിയുവില്‍ ആയിരുന്നു. അഞ്ചു ദിവസത്തിന് ശേഷം അപകടനില തരണം ചെയ്ത സാന്ദ്രയെ റൂമിലേക്ക് മാറ്റിയ വിവരം സാന്ദ്രയുടെ സഹോദരി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. രോഗാനുഭവങ്ങള്‍ പങ്കുവച്ച് ആശുപത്രിയില്‍ നിന്നും ലൈവുമായി എത്തിയിരിക്കുകയാണ് സാന്ദ്ര ഇപ്പോള്‍.

സാന്ദ്ര തോമസിന്റെ വാക്കുകള്‍:

ഒരാഴ്ചയായി പപ്പയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്ന് ഒക്കെ കഴിച്ച് ശരിയായി. പിന്നെയും രോഗം വന്നു. ഹോസ്പിറ്റലില്‍ കാണിച്ചു. പിന്നാലെ മമ്മയ്ക്കും പനി തുടങ്ങി. മമ്മി വീഴാന്‍ തുടങ്ങി. പിറ്റേ ദിവസം രാവിലെ എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റാതെയായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളില്‍ തന്നെ നിന്നു. പിള്ളേരെ അടുപ്പിച്ചില്ല. അപ്പോഴേക്കും പപ്പ ഓക്കെയായിരുന്നു.

രാവിലെ ചായകുടിക്കാന്‍ ആയ ഡൈനിങ് ടേബിളിന്റെ അടുത്തെത്തിയത്. പെട്ടെന്ന് തലകറങ്ങി. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റത് മാത്രമേ ഓര്‍മയുള്ളു. പിന്നെ ഞാന്‍ ഡൈനിങ് ടേബിളിന്റെ അടിയില്‍ കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു. എഴുന്നേല്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മുഖം മുഴുവന്‍ കോടി പോയി. ഞരമ്പ് വലിഞ്ഞു മുറുകി ഇരിക്കുന്നത് മാറാന്‍ അഞ്ചു ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നു.

ഹോസ്പിറ്റലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ ബെഡ്ഡില്ല. കോവിഡ് രോഗികള്‍ക്കാണ് മുന്‍ഗണന എന്ന് പറഞ്ഞു. എന്തായാലും ഹോസ്പിറ്റലില്‍ പോയി നോക്കാമെന്ന് മമ്മി പറഞ്ഞു. പിന്നെ വേഗം ആശുപത്രിയില്‍ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരെ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടര്‍ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്. എഴുന്നേറ്റിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞതേ ഓര്‍മയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു.

എഴുന്നേറ്റിരുന്നപ്പോള്‍ ബിപി വലിയ തോതില്‍ കുറഞ്ഞു. ഹൃദയമിടിപ്പ് 30 ലേക്ക് താണു. പെട്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അതിനിടയ്ക്ക് ഉറങ്ങിക്കൊണ്ടിരിക്കവേ അറ്റാക്ക് വരുന്നത് പോലെ വന്നു. ശരിക്കും പാനിക്ക് ആയിപ്പോയി. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു. അടുത്തു നില്‍ക്കുന്ന നഴ്‌സുമാരെ വിളിക്കാന്‍ കൈ പൊങ്ങുന്നുപോലും ഉണ്ടായിരുന്നില്ല.

നെഞ്ചില്‍ ഒരു കോടാലി കൊണ്ട് വെട്ടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെ ഒരു ഫീല്‍ ആയിരുന്നു ആ സമയത്ത്. വിശദീകരിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള വേദന. അതിന് ശേഷം കടുത്ത തലവേദനയും ഉണ്ടായി. തല വെട്ടിക്കളയാന്‍ വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വേദന. രോഗം വന്നപ്പോള്‍ പലരും പലതും പറഞ്ഞ് പരിഹസിച്ചിരുന്നു. എന്നാല്‍ ഇത് ഒരാളില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരുന്ന രോഗമല്ല. കൊതുക് പടര്‍ത്തിയാല്‍ മാത്രം പടരുന്ന ഒന്നാണ്. ശുദ്ധ ജലത്തില്‍ മുട്ടയിടുന്ന കൊതുകാണ് ഇത് പരത്തുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.