CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 30 Minutes Ago
Breaking Now

മാക്രോണിന്റെ കൊവിഡ് നിയമങ്ങളില്‍ ഫ്രാന്‍സില്‍ കലാപം! ഹെല്‍ത്ത് വര്‍ക്കേഴ്‌സിന് നിര്‍ബന്ധിത കൊവിഡ് വാക്‌സിന്‍, നിരാകരിച്ചാല്‍ പുറത്ത്; ബാറിലും, റെസ്റ്റൊറന്റിലും കയറാന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടും നിര്‍ബന്ധമാക്കി പ്രസിഡന്റ്

സെപ്റ്റംബര്‍ 15-നകം ഹെല്‍ത്ത് വര്‍ക്കേഴ്‌സും, കെയറര്‍മാരും കൊറോണാവൈറസ് വാക്‌സിന്‍ നിര്‍ബന്ധമായി സ്വീകരിക്കണമെന്നാണ് നിബന്ധന

ഫ്രാന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതും, ബാറിലും റെസ്റ്റൊറന്റിലും കയറാന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് അനിവാര്യമാക്കിയതിനും പിന്നാലെ പാരീസില്‍ പ്രതിഷേധങ്ങള്‍. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ കൊവിഡ് നിയമങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ ജനം വാഹനങ്ങള്‍ക്ക് തീയിട്ടതോടെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. 

ഫ്രാന്‍സില്‍ കൊറോണാവൈറസ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെയാണ് പ്രസിഡന്റ് മാക്രോണ്‍ വിവാദ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ പ്രസിഡന്റിന്റെ നിയമങ്ങള്‍ക്ക് എതിരെ നൂറുകണക്കിന് കഫെ ഉടമകളും, ഹോസ്പിറ്റല്‍ ജോലിക്കാരും, രക്ഷിതാക്കളുമാണ് തലസ്ഥാനത്ത് സമരത്തിന് ഇറങ്ങിയത്. വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഇറക്കി ഫ്രഞ്ച് ജനതയെ വിഭജിക്കില്ലെന്ന് ഏപ്രിലില്‍ മാക്രോണ്‍ ഉറപ്പ് നല്‍കിയിരുന്നു. 

എന്നാല്‍ ജൂലൈ മധ്യത്തോടെ പ്രസിഡന്റ് ഈ നിലപാട് തിരുത്തി. കണ്‍സേര്‍ട്ടുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്‍ സ്റ്റാറ്റസോ, നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ഫലമോ രേഖയായി കാണിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. രാജ്യത്ത് വാക്‌സിനേഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. 

ആഗസ്റ്റോടെ വിലക്കുകള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. ബാറില്‍ ബിയര്‍ കഴിക്കാനും, കുടുംബത്തോടൊപ്പം ഡിന്നറിന് പോകുന്നവര്‍ക്കും, പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാരും, കെയര്‍ ഹോം സന്ദര്‍ശിക്കുന്ന ബന്ധുക്കളും വാക്‌സിന്‍ അല്ലെങ്കില്‍ നെഗറ്റീവ് ടെസ്റ്റ് ഫലം തെളിയിക്കുന്ന രേഖ കൈയില്‍ സൂക്ഷിക്കണം. 

സെപ്റ്റംബര്‍ 15-നകം ഹെല്‍ത്ത് വര്‍ക്കേഴ്‌സും, കെയറര്‍മാരും കൊറോണാവൈറസ് വാക്‌സിന്‍ നിര്‍ബന്ധമായി സ്വീകരിക്കണമെന്നാണ് നിബന്ധന. നിരാകരിക്കുന്നവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നാണ് ഭീഷണി. 




കൂടുതല്‍വാര്‍ത്തകള്‍.