പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ബംഗാളി ആരാധികയ്ക്ക് സര്‍പ്രൈസുമായി നടന് ദിലീപ്. കോഴിക്കോട് വെള്ളിമാടുകുന്ന് ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി റോക്ഷത് ഖാത്തൂന് എന്ന ബംഗാള്‍ സ്വദേശിനിയെ വീഡിയോ കോള്‍ ചെയ്ത് ഞെട്ടിച്ച് താരം. മലയാളത്തില്‍ ദിലീപ് ചിത്രങ്ങള്‍ മാത്രം കാണുന്ന താരത്തിന്റെ ആരാധികയാണ് റോക്ഷത്.
ദിലീപേട്ടന് വിളിക്കുമെന്നോ അദ്ദേഹവുമായി വീഡിയോ കോളില്‍ സംസാരിക്കാന്‍ സാധിക്കുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് റോക്ഷത് പറഞ്ഞു. കോള്‍ കട്ടായ ശേഷം താന്‍ സ്വയം പലവട്ടം നുള്ളി നോക്കി, സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് അറിയാന്‍.
വളരെ കാലത്തെ, വളരെ വലിയ ഒരു ആഗ്രഹമാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്. കൂട്ടുകാരോടും ബന്ധുക്കളോടുമെല്ലാം ഈ സന്തോഷം അറിയിച്ചു കൊണ്ടിരിക്കുകയാണ് എന്ന് റോക്ഷത് പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് കേരളത്തിലെത്തിയ റോക്ഷത്തിന്റെ അച്ഛന് റഫീഖും ദിലീപിന്റെ കടുത്ത ആരാധകനാണ്.
കല്‍ക്കട്ട ന്യൂസ് എന്ന സിനിമയുടെ ഭാഗമായി കൊല്‍ക്കത്തയിലും ബംഗാളിന്റെ മറ്റു ഭാഗങ്ങളിലും ഏറെ സഞ്ചരിച്ചിട്ടുണ്ടെന്നും അവിടെയുള്ള ആളുകളുടെ സ്നേഹം അടുത്തറിയാന്‍ ഭാഗ്യം ലഭിച്ച ആളാണ് താനെന്നും അവിടെ നിന്നും തനിക്കൊരു കുഞ്ഞാരാധിക ഉണ്ടെന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ദിലീപ് പറഞ്ഞു.