CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 42 Seconds Ago
Breaking Now

ഓണാഘോഷം അടിച്ചുപൊളിച്ച് സാലിസ്ബറി മലയാളി അസ്സോസിയേഷന്‍; ഘോഷയാത്രയും തിരുവാതിരയും ആസ്വദിച്ച് 28 കൂട്ടം ഓണസദ്യ രുചിക്കൂട്ടില്‍ അമ്പരന്ന് സാലിസ്ബറി എം പി ജോണ്‍ ഗ്ലെന്‍; ജീവന്റെ നേതൃത്വത്തിലുള്ള ഒഥെല്ലോ നാടക ടീമിനെ നെഞ്ചിലേറ്റി സാലിസ്ബറി

സാലിസ്ബറി: സെപ്റ്റംബര്‍ 4 ശനിയാഴ്ച നടന്ന സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ ഓണാഘോഷത്തിന് സാലിസ്ബറി മലയാളികളില്‍ നിന്ന് ലഭിച്ചത് അഭൂതപൂര്‍വ്വമായ ആവേശം.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന ലോക്ക്ഡൗണുകളില്‍ നിന്ന് മോചിതമായതോടെ ഇക്കുറി ഓണാഘോഷങ്ങള്‍ക്ക് യുകെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ തിരക്കും സ്വീകാര്യതയുമാണ് അനുഭവപ്പെട്ടത്.

സാലിസ്ബറി മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനും ഇക്കുറി പതിവില്‍ കവിഞ്ഞ ആവേശവമാണ് അനുഭവപ്പെട്ടത്. ഒന്നര വര്‍ഷത്തിനിടയില്‍ ലഭിച്ച അംഗങ്ങള്‍ ഒരുമിച്ചുള്ള കൂടിക്കാഴ്ചയും പുതുതായി എസ് എം എയില്‍ എത്തിയ അന്‍പതിലധികം കുടുംബങ്ങളുടെ ഒരുമിച്ചുള്ള ആഘോഷവും എസ് എം എ കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

ഏറെ നാളുകള്‍ നീണ്ട ഒരുക്കങ്ങള്‍ക്ക് ശേഷം രാവിലെ പതിനൊര മണിയോടെ ആരംഭിച്ച ഓണാഘോഷങ്ങള്‍ക്ക് വടംവലിയോടെയാണ് തുടക്കമായത്. പുരുഷന്മാരുടെ വടംവലിയില്‍ ഒന്‍പത് അംഗങ്ങള്‍ അടങ്ങിയ നാല് ടീമുകളാണ് ആവേശപ്പോരിനിറങ്ങിയത്.

ലൂയിസ് തോമസ് ടീം ക്യാപ്റ്റനായ ടീമിനായിരുന്നു ഫൈനലില്‍ വിജയം. സ്ത്രീകള്‍ക്കായി ഒരുക്കിയ പ്രദര്‍ശന മത്സരവും വടംവലി മത്സരത്തിന് ആവേശമൊരുക്കി. ഇരുപത്തിയെട്ട് കൂട്ടം ഓണസദ്യയായിരുന്നു ആഘോഷങ്ങളിലെ ഹൈലൈറ്റ്. ജോസ് കെ ആന്റണിയും ജോണ്‍ പോളും സജീഷ് കുഞ്ചെറിയായും, സന്തു ജോര്‍ജ്ജും നേതൃത്വം കൊടുത്ത സദ്യയൊരുക്കല്‍  കോര്‍ഡിനേറ്റര്‍ കുര്യാച്ചന്‍ സെബാസ്റ്റിയന്റെ മേല്‍നോട്ടത്തില്‍ എസ് എം എ അംഗങ്ങളുടെ സജീവ സഹകരണത്തോടെയാണ് നടന്നത്.

മുഖ്യാതിഥി സാലിസ്ബറി എം പി ജോണ്‍ ഗ്ലെന്‍ എത്തിയതോടെ അദ്ദേഹത്തിന് വമ്പിച്ച സ്വീകരണമാണ് അംഗങ്ങള്‍ നല്‍കിയത്. ഘോഷയാത്രയുടെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ച എംപിക്ക് കേരളത്തിന്റെ തനത് പൈതൃകങ്ങള്‍ കണ്ടാസ്വദിക്കാനായി. മാവേലിയെ വരവേല്‍ക്കലും പുലികളിയും തിരുവാതിരയും ഓണം തീം ഡാന്‍സും മതിമറന്ന് ആസ്വദിച്ച എം പി ജോണ്‍ ഗ്ലെനും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. എസ് എം എ ഓണാഘോഷ ചിത്രങ്ങള്‍ എം പി ജോണ്‍ ഗ്ലെന്‍ ട്വീറ്റ് ചെയ്തതും ഏറെ ശ്രദ്ധേയമായി.

തുടര്‍ന്ന് പ്രസിഡന്റ് ഷിബു ജോണിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ 2021 എസ് എം എ ഓണാഘോഷവും എസ് എം എ ഡ്രാമാ ക്ലെബ്ബും എം പി ജോണ്‍ ഗ്ലെന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. എസ് എം എ അംഗം റ്റിജിയുടെ മാതാവ്, രക്ഷാധികാരി ജോസ് കെ ആന്റണി, യുക്മ പ്രതിനിധികളായ എം പി പദ്മരാജ്, സുജു ജോസഫ് തുടങ്ങിയവര്‍ മുഖ്യാതിഥിക്കും ഭാരവാഹികള്‍ക്കുമൊപ്പം തിരി തെളിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.  സമ്മേളനത്തിന് ജോയിന്റ് സെക്രട്ടറി നിധി ജയ്‌വിന്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഡിനു ഓലിക്കലിന്റെ ഹൃദ്യവും ഹൃസ്വവുമായ റിപ്പോര്‍ട്ട് അവതരണം എസ് എം എയുടെ നാളിതുവരെയുള്ള പ്രവര്‍ത്തന നേട്ടങ്ങള്‍ എടുത്ത് കാട്ടുന്നതായിരുന്നു. രക്ഷാധികാരി ജോസ് കെ ആന്റണി ഏവര്‍ക്കും ആശംസയറിയിച്ചു. എ ലെവല്‍ ജിസിഎസ്ഇ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച ആഞ്ജലീന സാബു, അലീന ജിനോ, നിഖില്‍ ഷിബു, തനുഷാ പിങ്കി റ്റിജി തുടങ്ങിയവര്‍ക്ക് എസ് എം എയുടെ ഉപഹാരം എം പി ജോണ്‍ ഗ്ലെന്‍ സമ്മാനിച്ചു. ട്രഷറര്‍ ഷാല്‍മോന്‍ പങ്കേത് നന്ദി അറിയിച്ചു.

തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി രമ്യ ജിബിയും ശ്രീമതി സില്‍വി ജോസും നേതൃത്വം നല്‍കി. കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത കലാവിരുന്ന് ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു. അതേസമയം സാലിസ്ബറി മലയാളി അസോസിയേഷന്‍ രൂപം കൊടുത്ത ഡ്രാമാക്ലെബ്ബിന്റെ ആദ്യ നാടകമായ ഒഥെല്ലോ മുക്തകണ്ഠ പ്രശംസ നേടി.

വില്യം ഷേക്‌സ്പിയറുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി രചിച്ച ഒഥെല്ലോ സംവിധായകന്‍ ജീവന്‍ ജോസ് കൈതാരത്തിന്റെ നേതൃത്വത്തില്‍ വേദിയിലെത്തിയപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. ആഴ്ചകളോളം നീണ്ട കഠിന പരിശീലനത്തിലൂടെ എം പി പദ്മരാജ്, ആന്‍മേരി, ജീവന്‍ ജോസ്, ജിനോ ജോസ്, ജിനോയെസ് കിഴക്കേപ്പറമ്പില്‍, നിധി ജയ്‌വിന്‍, ജോസ് കെ ആന്റണി, ഷാല്‍മോന്‍ പങ്കേത്, ഡിനു ഓലിക്കല്‍  തുടങ്ങിയവര്‍ വേദിയിലും പിന്നണിയില്‍ ബിന്‍സുവും വിഷ്ണുവും നിറഞ്ഞാടിയപ്പോള്‍ അഭ്രപാളിയിലേതിന് സമാനമായ അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഒഥെല്ലോ ടീമിനും മുന്നില്‍ നിന്ന് നയിച്ച ജീവനും പ്രസിഡന്റ് ഷിബു ജോണ്‍ നന്ദിയറിയിച്ചു.

ഏകദേശം 260ഓളം പേര്‍ പങ്കെടുത്ത പത്ത് മണിക്കൂറോളം നീണ്ടു നിന്ന ആഘോഷപരിപാടികള്‍ രാത്രി ഒന്‍പത് മണിയോടെയാണ് സമാപിച്ചത്. സ്റ്റാലിന്‍ സണ്ണി പകര്‍ത്തിയ ആഘോഷങ്ങളുടെ മികച്ച ചിത്രങ്ങളും വീഡിയോകളും കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

https://m.facebook.com/SalisburyMalayaleeAssociationSMA397571566989357/

 

 

 

സുജു ജോസഫ് പി ആര്‍ ഓ

 

 




കൂടുതല്‍വാര്‍ത്തകള്‍.