നടി ഗായത്രി സുരേഷിന്റെ കാര്‍ വാഹനാപകടത്തില്‍ പെട്ടതും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വാഹനാപകടം നടന്ന അന്ന് ഗായത്രിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ജിഷിന്, സീരിയല്‍ താരം ജിഷിന് മോഹന്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ആ ജിഷിന് താനല്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടന് ജിഷിന് മോഹന്‍.
ആ സംഭവത്തില്‍ ഉള്‍പ്പെട്ട ജിഷിന് താനല്ലെന്നും ആവശ്യമില്ലാതെ തന്റെ പേര് ഇത്തരം സംഭവങ്ങളിലേക്ക് വലിച്ചിടരുത് എന്നുമാണ് ജിഷിന് പറയുന്നത്. 'ആ ജിഷിന് ഞാനല്ല (ഗായത്രി സുരേഷിന്റെ വൈറല്‍ ആയ ആക്സിഡന്റ് വിഡിയോയില്‍ പറയുന്ന ആ 'ജിഷിന്' ഞാനല്ല സൂര്‍ത്തുക്കളെ' എന്ന ക്യാപ്ഷനോടെയാണ് നടന് ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ജിഷിന്റെ വാക്കുകള്‍:
എല്ലാവര്ക്കും നമസ്കാരം…. കുറച്ചു നാളായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ലൈവ് വരാന്‍ കാരണം ഗായത്രി സുരേഷിന്റെ കാര്‍ അപകടത്തില്‍ പെട്ടതുമായി സംഭവിച്ച ചില പ്രചാരണങ്ങള്‍ ആണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ആണ് എന്റെ പേര് ഉയര്‍ന്നു കേട്ടത് ശ്രദ്ധിക്കുന്നത്. പിന്നെ ഞാന്‍ ആ പ്രശ്നം വിട്ടതാണ്. ഞാന്‍ അല്ല അതെന്നും എനിക്കും എന്റെ ഭാര്യക്കും അറിയാം.
അതല്ല കോമഡി… ഞാന്‍ ഈ ലിങ്ക് അയച്ചു കൊടുത്തിട്ട് ഇങ്ങനെ ഒരു അപവാദവും കേള്‍ക്കുന്നുണ്ട് എന്ന് ഞാന്‍ അവളോട് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അത് വിശ്വസിക്കുകയില്ല എന്നാണ് അവള് പറഞ്ഞത്. സംഭവത്തിന് ശേഷം കുറെ ആളുകള്‍ എന്നെ വിളിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഞാന്‍ ആണ് അത് എന്ന് ഉറപ്പിക്കണം. ചില വാര്‍ത്തകള്‍ക്ക് മോശം കമന്റുകളും എന്നെ കുറിച്ച് വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കള്‍ പോലുമല്ല.
വീട്ടില്‍ വരുന്ന അതിഥികള്‍ ആയിട്ടാണ് ഞങ്ങള്‍ സീരിയല്‍ താരങ്ങളെ കുടുംബ പ്രേക്ഷകര്‍ കാണുന്നത്. അതിന്റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട്. അത് ദയവായി മോശം ഹെഡിംഗുകള്‍ ഇട്ട് നശിപ്പിക്കരുത്. പ്രായമായ അമ്മയുണ്ട്. അവരെ വേദനിപ്പിക്കരുത്. എന്താണ് സത്യം എന്ന് നീ വ്യക്തമാക്കണം എന്ന് അമ്മ പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വീഡിയോ പങ്കിട്ടത്. അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ലൈവില്‍ വന്നതും.
ദയവ് ചെയ്ത് ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കൊടുക്കരുത്… ഗായത്രിയുടെ കാര്യത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവം എന്താണെന്ന് അറിയില്ല. അതുകൊണ്ട് ആരുടേയും പക്ഷം പിടിക്കുന്നില്ല. ആ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. രണ്ട് ദിവസമായി നിരന്തരം വരുന്ന മെസേജുകളും കമന്റുകളുമെല്ലാമാണ് ലൈവിലെത്താന്‍ പ്രേരിപ്പിച്ചത്. ജിഷിന് എന്ന പേര് വ്യത്യസ്തതയുള്ളതായിരുന്നതിനാല്‍ ഞാന്‍ സ്വയം അഭിമാനിച്ചിരുന്നുവെന്നും ഇപ്പോള്‍ അത് മതിയായി.