ഓക്സ്ഫോർഡ്ഷെയറിലെ 12 നും 18 നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്കായി ഒക്സ്മാസ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാം വൻ വിജയമായി.25 ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത സെമിനാർ രാവിലെ 10 ന് രജിസ്ട്രെഷനോടെ ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് സമാപിച്ചു.തങ്ങളുടെ കുട്ടികളുടെ ഉന്നമനത്തിനായി തികച്ചും സൗജന്യമായി ഒക്സ്മസ് സംഘടിപ്പിച്ച ഈ സെമിനാറിൽ തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചത് ഒരു വൻ നേട്ടമായി മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് വളരെ സരളമായ രീതിയിൽ ക്ലാസ് എടുക്കുവാനുള്ള പ്രഗൽഭരായ അദ്ധ്യാപകരുടെ പാടവത്തെ മാതാപിതാക്കൾ അഭിനന്ദിച്ചു.കരിയറിനെക്കുറിച്ചുള്ള തങ്ങളുടെ മനോഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്താൻ ഈ സെമിനാറിന് കഴിഞ്ഞതായി കുട്ടികൾ ഫീഡ്ബാക്കിലൂടെ അറിയിച്ചു.സെമിനാർ സ്പോണ്സർ ചെയ്തത് ശ്രീ വർഗീസ് കെ ചെറിയാൻ,വർഗീസ് ഫിലിപ്പ് എന്നിവരെ അഭിനന്ദിക്കുന്നതോടൊപ്പം പരിപാടിയുടെ വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് ഒക്സ്മസിനു വേണ്ടി പ്രസിഡന്റ് സിബി ജോസഫ് അറിയിച്ചു.