കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ രാജ്യത്ത് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കയെ അഭിനന്ദിച്ച് അമേരിക്ക. സുതാര്യതയോടെ വിവരങ്ങള്‍ കൈമാറിയത് അഭിനന്ദനാഹാര്ഹമാണെന്നും ഇത് ലോകത്തിന് ഒരു മാതൃകയാണെന്നും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രിയോട് പറഞ്ഞു. ഒപ്പം ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിന് എത്തിക്കുന്നതിലും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി.
ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ തിരിച്ചറിഞ്ഞതിനും വിവരങ്ങള്‍ കൈമാറുന്നതിലെ സുതാര്യതയിലും ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരെ ബ്ലിങ്കന്‍ പ്രത്യേകം പ്രശംസിച്ചു. ഇത് ലോകത്തിന് ഒരു മാതൃകയായിരിക്കണം, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചൈനയ്ക്കെതിരെ ഒളിയമ്പുമായാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ പ്രസ്താവന.
കൊറോണ വൈറസ് ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന സുതാര്യമായി വിവരങ്ങള്‍ കൈമാറിയില്ലെന്നും പല വിവരങ്ങളും മറച്ചു വെച്ചെന്നും പരക്കെ ആക്ഷേപമുണ്ട്. അമേരിക്കയാണ് ഈ ആരോപണത്തിന് മുന്നില്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനും ചൈനയെ ഇക്കാര്യത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.