CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 56 Seconds Ago
Breaking Now

ബ്രിട്ടനില്‍ താപനില പൂജ്യത്തിന് താഴേക്ക്; മരങ്ങള്‍ മറിഞ്ഞുവീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു; 100 എംപിഎച്ച് വേഗത്തില്‍ കാറ്റെത്തിച്ച് ആര്‍വെന്‍ കൊടുങ്കാറ്റ്; 250,000 ഭവനങ്ങളില്‍ വൈദ്യുതി നഷ്ടപ്പെട്ടു; രണ്ടാഴ്ച മഞ്ഞ് പെയ്യുമെന്ന് സൂചന

ആംബര്‍, യെല്ലോ മുന്നറിയിപ്പുകള്‍ രാജ്യത്തെ ഭൂരിപക്ഷം മേഖലയിലും തുടരുകയാണ്

ആര്‍വെന്‍ കൊടുങ്കാറ്റ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ 100 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് എത്തിച്ചതോടെ മരണങ്ങള്‍ കടപുഴകി വീണ് മൂന്ന് മരണം. ഇന്നലെ രാത്രിയില്‍ 250,000 ഭവനങ്ങളില്‍ വൈദ്യുതി ബന്ധവും തകരാറിലായി. കാറ്റും, മഞ്ഞും, തണുത്തുറഞ്ഞ താപനിലയും രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കുന്നത് തുടരുകയാണ്. 

കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിന് പുറമെ റോഡുകള്‍ അടച്ചിടുകയും, ട്രെയിന്‍ ഗതാഗതം വൈകുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച താപനില പൂജ്യത്തിന് താഴേക്ക് പതിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന വിവരം. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കാറിന് മുകളില്‍ മരംവീണ് മരിച്ചത് ഇവിടുത്തെ പ്രൈമറി സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ഫ്രാന്‍സിസ് ലഗാനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് ദുരന്തം. 

സമാനമായ സംഭവങ്ങളില്‍ കംബ്രിയയിലെ ആംബിള്‍സൈഡിലും, അബെര്‍ദീന്‍ഷയറില്‍ ഒരു 35-കാരനുമാണ് കൊല്ലപ്പെട്ടത്. സൗത്ത് മേഖലയിലും, മിഡ്‌ലാന്‍ഡ്‌സിലും കനത്ത കാറ്റിനൊപ്പം മഞ്ഞും വീണുതുടങ്ങി. നോര്‍ത്ത് ഈസ്റ്റ് ബീച്ചുകളില്‍ 26 അടി ഉയരത്തിലാണ് തിരമാലകള്‍ വീശിയടിച്ചത്. ആളുകളോട് കടല്‍ തീരത്തേക്ക് പോകരുതെന്ന് കോസ്റ്റ്ഗാര്‍ഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

അബെര്‍ദീന്‍ഷയറില്‍ ഒരു ട്രെയിനില്‍ യാത്രക്കാര്‍ 17 മണിക്കൂര്‍ കുടുങ്ങിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ 55,000 കസ്റ്റമേഴ്‌സിന്റെ പവര്‍ വിച്ഛേദിക്കപ്പെട്ടതായി നോര്‍ത്തേണ്‍ പവര്‍ഗ്രിഡ് അറിയിച്ചു. മിഡ്‌ലാന്‍ഡ്‌സ്, ചെഷയര്‍, മേഴ്‌സിസൈഡ്, വെയില്‍സ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ 88,000-ഓളം കസ്റ്റമേഴ്‌സ് ഇപ്പോഴും വൈദ്യുതിയില്ലാതെ തുടരുകയാണ്. 

സ്‌കോട്ട്‌ലണ്ടില്‍ 1 ലക്ഷം വീടുകളിലാണ് വൈദ്യുതി തടസ്സപ്പെട്ടത്. മെറ്റ് ഓഫീസ് പ്രവചിച്ച റെഡ് മുന്നറിയിപ്പ് അവസാനിച്ചെങ്കിലും ആംബര്‍, യെല്ലോ മുന്നറിയിപ്പുകള്‍ രാജ്യത്തെ ഭൂരിപക്ഷം മേഖലയിലും തുടരുകയാണ്. നോര്‍ത്തില്‍ താപനില -6 സെല്‍ഷ്യസായി താഴുമെന്നാണ് അറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.