കടയ്ക്കാവൂര്‍ പോക്സോ കേസില്‍ വഴിത്തിരിവ്. അമ്മയെ കുറ്റവിമുക്തയാക്കിയ കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കോടതി കേസ് അവസാനിപ്പിച്ചത്. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്.
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി കുട്ടി ഉന്നയിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണെന്നും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കടയ്ക്കാവൂര്‍ സ്വദേശിയായ നാല് കുട്ടികളുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസബംറിലാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13കാരനായ രണ്ടാമത്തെ മകന് പിതാവിനോട് പറഞ്ഞതോടെയാണ് കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴും പീഡിപ്പിച്ചെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്നാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മാതാവിനെതിരായ പരാതി വ്യാജമാണെന്നായിരുന്നു ഇളയ മകന്റെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന രണ്ടാമത്തെ കുട്ടിയുടെ മൊഴിയ്ക്കൊപ്പമായിരുന്നു മൂത്തകുട്ടി ഉറച്ചുനിന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നല്‍കുകയായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്.
കേസില്‍ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ സമയം ഹൈക്കോടതി തന്നെയാണ് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.
എട്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിവിധ പരിശോധനകള്‍ നടത്തി. മാനസികാരോഗ്യ വിദ?ഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ശാസ്ത്രീയ പരിശോധനയില്‍ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നാണ് കൗണ്‍സിലിംഗില്‍ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീലവിഡീയോ കാണുന്നത് വീട്ടുകാര്‍ കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി കുട്ടി ഉന്നയിച്ചുവെന്നാണ് കണ്ടെത്തല്‍.