ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയ വിസ നിഷേധിച്ചു. കോവിഡ് വാക്സിന് എടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തിന് എത്തിയ നിലവിലെ ചാമ്പ്യന്‍ കൂടിയായ നൊവാക് ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ അധികൃതര്‍ തടയുകയായിരുന്നു. താരത്തെ ഇന്ന് സെര്‍ബിയയിലേക്ക് തിരിച്ചയക്കും.മെല്‍ബണിലെ തുലാമറൈന്‍ വിമാനത്താവളത്തില്‍ നിന്ന് ജോക്കോവിച്ചിനെ സര്‍ക്കാര്‍ കരുതല്‍ കേന്ദമായ പാര്‍ക്ക് ഹോട്ടലിലേക്ക് കൊണ്ടുപോയി. ദ്യോക്കോവിച്ചിന്റെ അഭിഭാഷകര്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ആണ് ഒടുവിലെ തീരുമാനമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മെല്‍ബണിലെത്തിയ നൊവാക് ജോക്കോവിച്ചിനോട് കോവിഡ് വാക്സിന് ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ചിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വാക്സിന് എടുക്കാത്തതിന് കാരണമായി കൃത്യമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാന്‍ താരത്തിന് കഴിഞ്ഞില്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, നൊവാക് ജോക്കോവിച്ചിനെതിരായ നടപടിയെ വിമര്‍ശിച്ച് സെര്‍ബിയ രംഗത്ത് എത്തി. താരത്തോട് ഓസ്ട്രേലിയ ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് സെര്‍ബിയ കുറ്റപ്പെടുത്തി. താരത്തിന് പിന്തുണയറിയിച്ച സെര്‍ബിയന്‍ പ്രസിഡന്റ് ജോക്കോവിച്ചിനെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. രാജ്യം മുഴുവന്‍ താരത്തിനൊപ്പമുണ്ടെന്നും സെര്‍ബിയന്‍ പ്രസിഡന്റ് അറിയിച്ചു.
എന്നാല്‍, നിയമം എല്ലാവര്ക്കും ബാധകമാണെന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ പ്രതികരണം. 'ആരും നിയമത്തിന് അതീതരല്ല' എന്നും പ്രധാനമന്ത്രി പറഞ്ഞു. നൊവാക് ജോക്കോവിച്ചിന് പ്രത്യേക പരിഗണന ഒന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് മേധാവിയുടെ പ്രതികരണം. കൃത്യമായ കാരണമില്ലാതെ ആര്‍ക്കും ഇളവ് നല്‍കിയില്ലെന്നും അദ്ദേഹം അറിയിച്ചു.