ഡൗണിംഗ് സ്ട്രീറ്റില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന വെള്ളമടി പാര്‍ട്ടികളുടെ പേരില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥര്‍. വിവാദങ്ങളില്‍ പെട്ട് പ്രധാനമന്ത്രി പദം കൈമോശം വരുമെന്ന സാഹചര്യത്തില്‍ ഇമേജ് തിരിച്ചുപിടിക്കാന്‍ 'ഓപ്പറേഷന് റെഡ് മീറ്റ്' എന്ന പേരില്‍ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ബോറിസ് ജോണ്സണ്. നം.10ല്‍ മദ്യപാനത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഉള്‍പ്പെടെയാണ് ആലോചന.
ക്യാബിനറ്റ് ഓഫീസിലെ സ്യൂ ഗ്രേയാണ് നം.10ലെ അനധികൃത പാര്‍ട്ടികളെ കുറിച്ച് അന്വേഷണം നടത്തുന്നത്. ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികളെ കുറിച്ച് ബോറിസ് ഗ്രേയുമായി ചര്‍ച്ച ചെയ്തെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവരും. വെസ്റ്റ്മിന്‍സ്റ്ററിലേക്ക് ടോറി എംപിമാര്‍ തിരിച്ചെത്തുന്നതോടെ നം.10 വിമര്‍ശനങ്ങള്‍ നേരിടാനുള്ള ഒരുക്കത്തിലുമാണ്.
താന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെ ചെറുക്കാനുള്ള നയം മാറ്റങ്ങള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്. ഡൗണിംഗ് സ്ട്രീറ്റിലെ മദ്യപാന സംസ്കാരം അവസാനിപ്പിക്കുകയാണ് ഇതില്‍ ആദ്യ ഭാഗം. ഇതിന് പുറമെ ബിബിസി ലൈസന്‍സ് അവസാനിപ്പിക്കണമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിക്കാനും, ചാനല്‍ ക്രോസിംഗ് നടത്തുന്ന കുടിയേറ്റക്കാരെ തടയാനുള്ള നടപടികളും ഊര്‍ജ്ജിതമാക്കി ജനപ്രിയത തിരിച്ചുപിടിക്കാനാണ് നീക്കം.
വോട്ടര്‍മാരുടെ വിശ്വാസവും, ടോറി എംപിമാരുടെ വിമത സ്വരവും മൃദുവാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കങ്ങള്‍. വാര്‍ഷിക ഫീസിന്റെ പേരില്‍ സര്‍ക്കാരും, ബിബിസിയും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ 2027 വരെ ഫീസ് ചുമത്താന്‍ തീരുമാനമായി. അടുത്ത രണ്ട് വര്‍ഷത്തേക്ക് ലൈസന്‍സിന് 159 പൗണ്ട് ഈടാക്കാനാണ് കള്‍ച്ചര്‍ സെക്രട്ടറി ഡോറിസ് തീരുമാനിച്ചിരിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായി യുകെ ബോര്‍ഡര്‍ ഫോഴ്സിനെ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെയുള്ള സൈനിക കമ്മാന്‍ഡിന് കീഴിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ചാനല്‍ കടക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് കീഴടക്കുന്നതോടെയാണ് ഇത്.