ഉക്രെയിനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ സമ്പൂര്‍ണ്ണ അധിനിവേശം നടത്താന്‍ വ്ളാദിമര്‍ പുടിന് തയ്യാറായേക്കുമെന്ന് യുകെ ഡിഫന്‍സ് മേധാവികള്‍ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ അതിര്‍ത്തിയിലേക്ക് ടാങ്കുകളും, മിസൈലുകളുമായി എത്തിയതോടെയാണ് സ്ഥിതി രൂക്ഷമായത്.
അപകടകരമായ അവസ്ഥയാണുള്ളതെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്കി. മോസ്കോ ഏത് സമയത്തും അക്രമം ആരംഭിക്കാമെന്നതാണ് സ്ഥിതിയെന്നും പറയപ്പെടുന്നു. സൗത്ത്-ഈസ്റ്റ് ഉക്രെയിനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് സൈന്യത്തെ അയച്ച് ഈ മേഖല സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യത്തിനായി വിലപേശാന്‍ പുടിന് സാധിക്കും. ഉക്രെയിനും, റഷ്യയും തമ്മിലുള്ള വടംവലിയിലെ പ്രധാന വിഷയം കൂടിയാണിത്.
ഈ മേഖല റഷ്യന്‍ അനുകൂല വിഘടനവാദികളുടെ കൈവശമാണ്. 2014 മുതല്‍ തന്നെ ഇവിടെ യുദ്ധസമാനമായ അന്തരീക്ഷമാണ്. അതുകൊണ്ട് തന്നെ റഷ്യന്‍ സൈന്യം എത്തിയാല്‍ യാതൊരു എതിര്‍പ്പുമില്ലാതെ ഇവിടെ പ്രവേശിക്കാന്‍ കഴിയും. എന്നാല്‍ ഇതിലും വിപുലമായ തരത്തിലുള്ള അധിനിവേശത്തിന് സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ഡിഫന്‍സ് മന്ത്രാലയത്തിലെ മേധാവികള്‍ക്ക് ലഭിച്ചിട്ടുള്ള ഇന്റലിജന്‍സ് വിവരം.
ഉക്രെയിന് നാറ്റോയുടെ ഭാഗമല്ലാത്തതിനാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക പ്രതിരോധം നേരിടേണ്ടി വരില്ലെന്നാണ് പുടിന് കരുതുന്നത്. കൂടാതെ യുഎസ്, യുകെ ഉപരോധങ്ങള്‍ ഇതല്ലെങ്കിലും സംഭവിക്കും. പ്രതിസന്ധിയില്‍ അയവ് വരുത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കെന്‍ ഉക്രെയിന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുമായും, റഷ്യന്‍ സ്റ്റേറ്റ് സെക്രട്ടറി സെര്‍ജി ലാവ്റോവുമായും ചര്‍ച്ച നടത്തും.