CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 50 Seconds Ago
Breaking Now

മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവം; യഹിയയെ കണ്ടെത്താനായില്ല; പ്രതികളുമായി ബന്ധമുള്ള ഏഴ് പേര്‍ കസ്റ്റഡിയില്‍

മരിച്ച അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത് യഹിയ ആയിരുന്നു

പെരിന്തല്‍മണ്ണയില്‍ പ്രവാസി വിദേശത്തുനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിയില്‍. പ്രതികളുമായി ബന്ധമുള്ളയാളുകളാണ് കസ്റ്റഡിലായത്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന യഹിയയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇയാള്‍ മലപ്പുറം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്. മരിച്ച അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത് യഹിയ ആയിരുന്നു. ശേഷം ഇയാള്‍ ഇവിടെ നിന്നും മുങ്ങി. സ്വര്‍ണക്കടത്ത് സംഘം തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

വിമാനത്താവളത്തില്‍ നിന്ന് മടങ്ങും വഴി ഒരു സംഘം ഇയാളെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയായിരുന്നു. അബ്ദുള്‍ ജലീലിന്റെ ഭാര്യയെ വിളിച്ച് വിവരമറിയിച്ച ശേഷമാണ് യഹിയ ആശുപത്രിയില്‍ നിന്ന് പോയത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. മാരകമായി പരുക്കേറ്റ അബ്ദുള്‍ ജലീല്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

മൃതദേഹത്തില്‍ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ 15ാം തിയതി ജിദ്ദയില്‍ നിന്ന് എത്തുമെന്നാണ് അബ്ദുള്‍ ജലീല്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാന്‍ വീട്ടുകാര്‍ നെടുമ്പാശേരിയിലേക്ക് പോവാനിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ട് എയര്‍പോര്‍ട്ടില്‍ വരണ്ട, പെരിന്തല്‍മണ്ണയിലേക്ക് വന്നാല്‍ മതിയെന്ന് ആദ്യം പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം നിങ്ങള്‍ തിരിച്ചു പൊയ്‌ക്കോ വരാന്‍ കുറച്ചു വൈകും എന്ന് പറഞ്ഞ് വീട്ടുകാരെ നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കുകയാണുണ്ടായത്.

പരിക്കേറ്റ അബ്ദുള്‍ ജലീലിനെ യഹിയ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.