വരനായ എം.എല്‍.എ. വിവാഹത്തിന് എത്താതെ വഞ്ചിച്ചെന്ന പരാതിയുമായി പ്രതിശ്രുത വധു. ഒഡീഷയിലെ ബി.ജെ.ഡി. എം.എല്‍.എയായ ബിജയ് ശങ്കര്‍ ദാസിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ജൂണ്‍ 17ാം തീയതി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍ വരനും ബന്ധുക്കളും വിവാഹത്തിന് എത്തിയില്ലെന്നും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു.
നിശ്ചയിച്ച ദിവസം യുവതിയും ബന്ധുക്കളും സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ മൂന്നുമണിക്കൂറോളം കാത്തിരുന്നിട്ടും വരനായ എം.എല്‍.എയോ കുടുംബമോ എത്തിയില്ല. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചതിനും ഉപദ്രവിച്ചതിനുമാണ് എം.എല്‍.എക്കെതിരേ പ്രതിശ്രുത വധു പരാതി നല്‍കിയിരിക്കുന്നത്. എം.എല്‍.എയെ അദ്ദേഹത്തിന്റെ അമ്മാവനും ബന്ധുക്കളും തടങ്കലിലാക്കിയിരിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
പ്രതിശ്രുധ വരനെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മേയ് 17ാം തീയതിയാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത്.
അതേസമയം, പ്രതിശ്രുത വധുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് എംഎല്‍എ രംഗത്ത് വന്നു. യുവതിയുടെ ആരോപണങ്ങള്‍ കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 17ാം തീയതിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട ദിവസമെന്ന് തന്നെ ആരും അറിയിച്ചിരുന്നില്ലെന്നും നിയമപ്രകാരം അപേക്ഷ നല്കി 90 ദിവസത്തിനകം വിവാഹം രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും ഇനിയും 60 ദിവസം കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.