CURRENCY RATE -
1 GBP :
96.69 INR
1 EUR :
81.73 INR
1 USD :
79.63 INR
Last Updated :
57 Minutes 27 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ ബാര്‍ബിക്യൂ ചാരിറ്റി ഭക്ഷ്യ മേളയും കുടുംബ സംഗമവും നാളെ സ്വാളോ പാര്‍ക്കില്‍; ഒപ്പം കളിയും ചിരിയും കൗതുകവും ഉണര്‍ത്തുന്ന ഒട്ടേറെ വിനോദ പരിപാടികളും

വിശാലമായ മൈതാനിയില്‍ വിവിധ വിനോദ പരിപാടികളോടെ അരങ്ങേറുന്ന, ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ കുടുംബ സംഗമം കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ആസ്വദിക്കുന്ന ഒരു പരിപാടിയാണ്.

ഗ്ലോസ്റ്റര്‍ഷെയര്‍; ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷനിലെ മുഴുവന്‍ അംഗങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന  ഈ വര്‍ഷത്തെ  ബാര്‍ബിക്യൂ, കുടുംബ സംഗമം, സ്‌പോര്‍ട്‌സഡേ എന്നിവയ്ക്കുള്ള ഒരുക്കങ്ങള്‍ പ്രസിഡന്റ് ജോ വില്‍ട്ടണിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. എല്ലാ വര്‍ഷത്തെയും പോലെ,  വിശാലമായ സ്വാളോ പാര്‍ക്ക് മൈതാനിയില്‍ തന്നെയാവും ഈ വര്‍ഷവും ഈ പൂരം അരങ്ങേറുക. നാളെ  ജൂണ്‍ 25  ശനിയാഴ്ച രാവിലെ പത്തുമണിക്ക് തന്നെ ബാര്‍ബിക്യൂ അടുപ്പുകള്‍  കത്തിത്തുടങ്ങും. വിശാലമായ മൈതാനിയില്‍ വിവിധ വിനോദ പരിപാടികളോടെ അരങ്ങേറുന്ന, ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ കുടുംബ സംഗമം കുട്ടികളും   മുതിര്‍ന്നവരും ഒരു പോലെ ആസ്വദിക്കുന്ന ഒരു പരിപാടിയാണ്.

കേരളത്തിലെ മഹാപ്രളയകാലത്ത് മുപ്പത്തയ്യായിരം പൗണ്ടിലധികം ഗ്ലോസ്റ്ററില്‍ നിന്ന് തന്നെ സമാഹരിച്ച്  അശരണരായ ആറു  കുടുംബങ്ങള്‍ക്ക്  മനോഹരമായ വീടുകള്‍  നിര്‍മ്മിച്ച്  നല്കിയതടക്കം യൂക്കെ   മലയാളികള്‍ക്ക് ഒന്നാകെ അഭിമാനം നല്‍കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആണ് ഓരോ വര്‍ഷവും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുന്നത്. യൂക്കെ മലയാളികളുടെ ഇടയില്‍ എന്നും വേറിട്ട പ്രവര്‍ത്തനം  കാഴ്ച വയ്ച്ചുകൊണ്ടിരിക്കുന്ന  ജി എം എ യുടെ    ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ജി എം എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉള്ള ഭക്ഷ്യമേളയും ഇതോടൊപ്പം ഉണ്ടാകും. മിതമായ വിലയ്ക്ക് അംഗങ്ങള്‍ വീടുകളില്‍  നിന്നുണ്ടാക്കികൊണ്ടുവരുന്ന നാടന്‍  രുചി ഭേദങ്ങള്‍ ബാര്‍ബിക്യൂവിനൊപ്പം സ്റ്റാളുകളില്‍ ഉണ്ടാകും.ഭക്ഷണ സ്റ്റാളുകളില്‍ കാര്‍ഡ് പേയ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തിരിയിട്ടുണ്ട് എന്ന് ട്രെഷറര്‍ മനോജ് വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്. റോബി മേക്കര, ബോബന്‍, സണ്ണി ലൂക്കോസ് എന്നിവരുടെ നേതൃത്വത്തില്‍  പുതുമയും കൗതുകവും ചിരിയും ഉണര്‍ത്തുന്ന കുസൃതി കായിക വിനോദ പരിപാടികളും ഈ മേളയ്ക്ക് മേമ്പൊടിയായി ഒരുക്കിയിട്ടുണ്ട് .

ഔപചാരികതകളുടെയും സമയക്രമമനുസരിച്ചുള്ള പരിപാടികളുടെയും   ഭാരമില്ലാതെ  കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും  ഒരു പോലെ തുറന്നിടപെടാനും പരസ്പരം വിശേഷങ്ങള്‍ പങ്കു വയ്ക്കാനും കോവിഡിന് ശേഷം ലഭിക്കുന്ന ആദ്യ പരിപാടി എന്ന നിലയില്‍ അംഗങ്ങള്‍ എല്ലാവരും ആവേശത്തോടെയാണ് ഈ ദിവസത്തിനായി കാത്തിരിക്കുന്നതും ഒരുക്കങ്ങളില്‍ പങ്ക് ചേരുന്നതും. അസോസിയേഷന്‍ സെക്രട്ടറി ദേവലാലിന്റെ  അഭിപ്രായത്തില്‍ പുതുതായി ഗ്ലോസ്റ്ററിലേയ്ക്ക് എത്തിയിട്ടുള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗാമികളെ പരിചയപ്പെടാനും നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കുവാനും സഹായിക്കുന്ന ഒരു നല്ല വേദി കൂടിയായിരിക്കും ഇത്. എല്ലാവരെയും   പ്രത്യേകിച്ച്    പുതുതായി  ഗ്ലോസ്റ്ററിലേക്കെത്തിയിരിക്കുന്ന മുഴുവന്‍ മലയാളികളെയും ഈ പരിപാടിയിലേക്ക് സ്‌നേഹ പുരസ്സരം സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ദേവലാല്‍ അറിയിച്ചിട്ടുണ്ട് .

ഈക്കഴിഞ്ഞ  മാസം നേതൃത്വം ഏറ്റെടുത്ത അസോസിയേഷന്‍ പ്രസിഡന്റ് ജോ വില്‍ട്ടന്‍, സെക്രട്ടറി ദേവലാല്‍, ട്രെഷറര്‍ മനോജ് വേണുഗോപാല്‍, വൈസ് പ്രസിഡന്റ് സന്തോഷ് ലൂക്കോസ്, ജോയിന്റ് സെക്രട്ടറി സജി വര്‍ഗീസ് , ജോയിന്റ് ട്രെഷറര്‍ സ്റ്റീഫന്‍ അലക്‌സ് എന്നിവരുതേ നേതൃത്വത്തില്‍ അന്‍പതിലധികം അംഗങ്ങള്‍ അടങ്ങുന്ന ഒരു ടീമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മഹാമേളയുടെ വിജയത്തിനായി ഒരുക്കങ്ങള്‍ നടത്തുന്നത് .

മില്ലേനിയത്തിനോടടുപ്പിച്ച് യൂക്കെയിലേയ്ക്ക് പുതു തലമുറ മലയാളികളുടെ  ഒഴുക്ക് തുടങ്ങിയ കാലത്ത് തന്നെ രൂപം കൊണ്ട ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍  അതിന്റെ  ഇരുപതാമത്തെ പ്രവര്‍ത്തന വര്‍ഷത്തിലേക്കാണ് കാലെടുത്ത് വച്ചിരിക്കുന്നത്.  20  വര്‍ഷങ്ങള്‍ക്ക്  മുന്‍പ് അസോസിയേഷന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോക്ടര്‍ ഗബ്രിയേലിനെ    സ്‌നേഹത്തോടെ  സ്മരിച്ചുകൊണ്ടാണ്  ജി എം എ   അതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നത്. 2002  മുതല്‍ ഏഴു വര്‍ഷത്തോളം തുടര്‍ച്ചയായി അസോസിയേഷന്റെ പ്രസിഡന്റ് ആയും  അതിനുശേഷം  തന്റെ  മരണം വരെ അസോസിയേഷന്റെ പേട്രണ്‍  സ്ഥാനത്തു നിന്നുകൊണ്ടും   അസോസിയേഷന്റെയും ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന്റെയും  നന്മക്കായി പ്രവര്‍ത്തിച്ച ഡോ. ഗബ്രിയേലിന്റെ ശക്തമായ  ഇടപെടലുകള്‍ തന്നെ ആണ് ജി എം എ  യെ യൂക്കെ യില്‍ ഏറ്റവും അറിയപ്പെടുന്ന ഒരു അസോസിയേഷന്‍ ആക്കി മാറ്റിയത്.

 

Venue : Swallow Park, Coltman Close GL1 3QJ

 

Time 10.00 AM onwards

അജിമോന്‍ ഇടക്കര
കൂടുതല്‍വാര്‍ത്തകള്‍.