CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 3 Seconds Ago
Breaking Now

യുക്മ അംഗത്വ മാസാചരണം ജൂലൈ 1 മുതല്‍ 31 വരെ ; ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസ സംഘടനയില്‍ അണിചേരാന്‍ നിങ്ങളുടെ അസോസിയേഷനും അവസരം

പുതിയതായി ചുമതലയേറ്റ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം ജൂലൈ 1 മുതല്‍ 31 വരെ അംഗത്വമാസമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ജൂലൈ മാസം  യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍  2022 ' ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡന്റ്  ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസ സംഘടനയില്‍ അണിചേരാന്‍ യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളി അസോസിയേഷനുകള്‍ക്ക് അവസരം ലഭിക്കുകയാണ്. കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍വര്‍ഷങ്ങളിലേതിന് സമാനമായിട്ടാണ് യുക്മ നേതൃത്വം  ഈ വര്‍ഷവും മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.

നിലവില്‍ ഇംഗ്‌ളണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളിലെ പത്ത് റീജിയണുകളിലായി ഏകദേശം 120 അസ്സോസ്സിയേഷനുകള്‍ യുക്മയില്‍ അംഗങ്ങളാണ്. യു കെ മലയാളികളുടെ കലാ, കായിക, സാമൂഹിക രംഗങ്ങളിലെ ഉന്നമനത്തിനും പരിപോഷണത്തിനുമായി യുക്മ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ യു കെ മലയാളികളെ യുക്മയോട് ചേര്‍ത്ത് നിര്‍ത്തുന്നു. കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തോട് കിടപിടിക്കുന്ന യുക്മ കലാമേള, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്ത കലാ പ്രകടനങ്ങളുടെ മോഹവേദിയാണ്. റീജിയണല്‍, ദേശീയ തലങ്ങളില്‍ നടത്തപ്പെടുന്ന കലാമേളകള്‍ പോലെ കായിക മേളയും റീജിയണല്‍ ദേശീയ തലങ്ങളില്‍ നടത്തപ്പെടുന്നു. 2017 മുതല്‍ നടന്ന് വരുന്ന യുക്മ കേരളപുരം വള്ളംകളി യു കെ മലയാളികളുടെ ഉത്സവമേളയായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാഹിത്യ രചന, ചിത്ര രചന, യുക്മ സ്റ്റാര്‍ സിംഗര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ യു കെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്. 

യുക്മ നേഴ്‌സസ് ഫോറം, യുക്മ ചാരിറ്റി, യുക്മ സാംസ്‌കാരിക വേദി, യുക്മ യൂത്ത് തുടങ്ങിയ പോഷക സഘടനകളും യുക്മയുടെ കുടക്കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു. പ്രളയജലത്തില്‍ മുങ്ങിയ നമ്മുടെ ജന്മ നാടിന് ഒരു കൈത്താങ്ങാകുവാനും യുക്മക്ക് കഴിഞ്ഞു. 

യുക്മ ജൂലൈ 2022ല്‍ നടത്തുന്ന മെംബര്‍ഷിപ്പ് ക്യാമ്പയിനിലൂടെ അംഗത്വം എടുക്കാനാഗ്രഹിക്കുന്ന അസോസിയേഷനുകള്‍ അപേക്ഷകള്‍ക്കായി secretary.uukma@gmail.com എന്ന ഇ മെയില്‍  വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു. 

പുതുതായി അപേക്ഷ സമര്‍പ്പിക്കുന്ന അസോസിയേഷനുകള്‍ യുക്മയുടെ ഏത് റീജിയണ്‍ പരിധിയില്‍ വരുന്നൂ എന്ന് നോക്കി, പ്രസ്തുത റീജിയണല്‍ പ്രസിഡന്റ്, റീജിയണില്‍ നിന്നുള്ള ദേശീയ ഭാരവാഹികള്‍, റീജിയണിലെ നാഷണല്‍ കമ്മറ്റി അംഗം എന്നിവരുടെ അഭിപ്രായം കൂടി അംഗത്വ വിതരണത്തിന് മുന്‍പ് പരിഗണിക്കുന്നതാണ്. നിലവില്‍ യുക്മ അംഗ അസോസിയേഷനുകള്‍ ഉള്ള പ്രദേശങ്ങളില്‍നിന്നും പുതിയ അംഗത്വ അപേക്ഷകള്‍ വരുന്ന സാഹചര്യങ്ങളില്‍, നിലവിലുള്ള അംഗ അസോസിയേഷനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടു കൂടിയായിരിക്കും അംഗത്വം വിതരണം ചെയ്യുക

നൂറ്റി അന്‍പത് പൗണ്ടാണ് യുക്മ അംഗത്വ ഫീസ്. ഇതില്‍ എഴുപത്തി അഞ്ച് പണ്ട് അതാത് റീജിയണല്‍ കമ്മിറ്റികള്‍ക്ക് നല്‍കുന്നതായിരിക്കും.  മുന്‍ കാലങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് തീര്‍പ്പു കല്പിപിക്കപ്പെടാതെ പോയിട്ടുള്ള അപേക്ഷകരും പുതിയതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. യുക്മ അംഗത്വ അപേക്ഷയുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ (07904785565) ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.