'ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍' എന്നുതുടങ്ങിയ മാസ്സ് ഡയലോഗുകളാണ് ഫുട്ബോള്‍ പണ്ഡിതര്‍ മൈക്കിന് മുന്നില്‍ നിന്ന് തൊടുത്ത് വിടാറുള്ളത്. എന്നാല്‍ അത്തരം മാസ്സ് ഡയലോഗുകള്‍ അടിച്ചുവിടണമെങ്കില്‍ മൈതാനത്ത് ആണുങ്ങള് കളിക്കണമെന്നതാണ് ഇപ്പോളത്തെ അവസ്ഥ. ഇംഗ്ലീഷ് പുരുഷ ടീമിന് കണികാണാന്‍ കിട്ടാത്ത യൂറോ കപ്പ് പെണ്സിംഹങ്ങള് വീട്ടിലെത്തിച്ചപ്പോഴും പണ്ഡിതന്മാര്ക്ക് വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.
പ്രശംസിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് പറയുന്നതാണ് ശരി. ദേശീയ ചാനലായ ബിബിസിയ്ക്കും, ഇവിടുത്തെ പണ്ഡിതന് ഗാരി ലിനേക്കറും പെണ്‍സിംഹങ്ങളുടെ വിജയമോ, എക്സ്ട്രാ ടൈമില്‍ ഗോളടിച്ച് ആ വിജയം സമ്മാനിച്ച ഷ്ളോ കെല്ലിയുടെ ജഴ്സി ഊരിവീശിയപ്പോഴുള്ള ആവേശമോ മനസ്സില്‍ തിരയടിച്ചില്ല. മറിച്ച് ലിനേക്കര്‍ക്ക് കെല്ലിയുടെ 'ബ്രായെ' കുറിച്ച് സെക്സ് തമാശ പറയാനാണ് തോന്നിയത്.
പെണ്‍സിംഹങ്ങളുടെ മോണ്ടാഷ് പ്രദര്‍ശിപ്പിച്ച ബിബിസി ഇതിന് പിന്നണിയായി നല്‍കിയത് പുരുഷന്മാര് മാത്രം അംഗങ്ങളായുള്ള ബാന്‍ഡിന്റെ പാട്ടുമാണ്. 'പെണ്സിംഹങ്ങള് ചുമ്മാ പോയി അത് നേടി. കെല്ലി ഇംഗ്ലണ്ടിന്റെ ഹീറോയിനായി, ബ്രാ അല്ല', വിജയഗോളടിച്ച ഷ്ളോ കെല്ലിയുടെ ചിത്രത്തിന് താഴെ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റര്‍ കുറിച്ചു.
സ്ത്രീകള്‍ക്കും, വനിതകള്‍ക്കും സുപ്രധാന മാറ്റം സമ്മാനിച്ച നിമിഷം നിങ്ങള്‍ വെറും സെക്സിസ്റ്റ് തമാശയ്ക്കായി ഉപയോഗിച്ചുവെന്ന് ഓണ്‍ലൈനില്‍ ലിനേക്കറിന് വിമര്‍ശനം നേരിട്ടു. പുരുഷ താരങ്ങള്‍ ജഴ്സി ഊരുമ്പോള്‍ ഇതുപോലെ തമാശ പറയുമോ. സ്ത്രീകളുടെ ഗെയിമിനെ ഉപ്പോഴും ആളുകള്‍ സീരിയസായി കാണാത്തത് എന്ത്?, ഒരു ഉപയോക്താവ് ചോദിച്ചു.
'നിങ്ങള്‍ക്ക് സാധിക്കാത്തത് പെണ്ണുങ്ങള് ചെയ്തുകാണിച്ചപ്പോള്‍ അത് വെറും ബ്രാ തമാശയാക്കി മാറ്റി', ഒരു മുന്‍ ഇംഗ്ലീഷ് ഫുട്ബോളര് വിമര്‍ശിച്ചു. വിമര്‍ശനങ്ങളും, രോഷപ്രകടനങ്ങളും ഒഴുകിയെത്തിയതോടെ ലിനേകര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.