ആറാഴ്ചയ്ക്കിടെ ബ്രിട്ടീഷ് മണ്ണിലേക്ക് ചെറിയ വഞ്ചികളില്‍ കയറി എത്തിയത് 1075 അല്‍ബേനിയക്കാരാണ്. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ബ്രിട്ടനിലെത്തുന്നതാണ് ഗുണമെന്ന് ബോധ്യപ്പെടുത്തിയാണ് അനധികൃത കുടിയേറ്റക്കാരെ മനുഷ്യക്കടത്ത് സംഘങ്ങള്‍ അപകടകരമായ ചാനല്‍ ക്രോസിംഗിന് വിധേയമാക്കുന്നത്.
പുതിയ പ്രധാനമന്ത്രി ചുമതലയേറ്റാല്‍ എല്ലാ ക്രോസിംഗും പട്രോളിംഗ് വഴി നിര്‍ത്തലാക്കുമെന്നാണ് ഈ സംഘങ്ങളുടെ മുന്നറിയിപ്പ്. കൂടാതെ 10,000 പൗണ്ടിന് പകരം 2000 പൗണ്ട് മാത്രം നല്കി ഇപ്പോള്‍ യാത്ര ചെയ്യാമെന്ന ഓഫറും മുന്നോട്ട് വെയ്ക്കുന്നു. അനധികൃത ചാനല്‍ ക്രോസിംഗ് കുതിച്ചുയര്‍ന്നതോടെ ഇവരെ റുവാന്‍ഡയിലേക്ക് നാടുകടത്തുന്ന പദ്ധതി നടപ്പാക്കാന്‍ ഡബിള്‍ അധ്വാനം വേണമെന്നാണ് എംപിമാര്‍ മന്ത്രിമാരോട് ആവശ്യപ്പെടുന്നത്.
നാറ്റോ അംഗമായ അല്‍ബേനിയ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ശ്രമിക്കുന്ന രാജ്യമാണ്. നോര്‍ത്ത് ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനിലേക്ക് സഞ്ചരിക്കുന്ന കുടിയേറ്റക്കാരില്‍ പത്തില്‍ നാല് പേരും ഈ രാജ്യത്ത് നിന്നുള്ളവരാണെന്നാണ് ചോര്‍ന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ 12 വരെയുള്ള ആറാഴ്ചയിലാണ് 1075 അല്‍ബേനിയക്കാര്‍ യുകെയിലെത്തിയത്.
അഫ്ഗാനികള്‍, ഇറാനിയന്‍, ഇറാഖി, സിറിയന്‍ എന്നിവരെയെല്ലാം കടത്തിവെട്ടിയാണ് 37.5 ശതമാനം അനധികൃത കുടിയേറ്റക്കാരും അല്ബേനിയക്കാരായി മാറുന്നത്. യുദ്ധമോ, വംശഹത്യയോ ഭയന്നല്ല ഇക്കണോമിക് കുടിയേറ്റക്കാരായാണ് ഈ അല്‍ബേനിയക്കാര്‍ എത്തുന്നതെന്ന് വ്യക്തമാണെന്ന് ഡോവറിലെ ടോറി എംപി നതാലി എല്‍ഫിക്കെ ചൂണ്ടിക്കാണിച്ചു.
മനുഷ്യക്കടത്ത് സംഘങ്ങളുടെ ബിസിനസ്സ് മോഡല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആവര്‍ത്തിച്ചു. അല്‍ബേനിയ പോലുള്ള സമാധാന രാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ അനധികൃതമായി യുകെയിലെത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഋഷി സുനാക് ക്യംപെയിന് വക്താവ് പ്രതികരിച്ചു.