അടുത്തകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എല്‍. റായിയുടെ രക്ഷാബന്ധന് ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. സിനിമയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ബോയ്കോട്ട് ക്യാംപെയ്ന് നടന്നിരുന്നു.
ഇപ്പോളിതാ, ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. ഇത്തരം പ്രവര്‍ത്തികള്‍ എല്ലാ വ്യവസായത്തെയും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തന്നെയും ബാധിക്കുമെന്നാണ് നടന് പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇത്തരം വികൃതികള്‍ ചെയ്യരുത്, ഇത് നല്ലതല്ല. ബഹിഷ്കരണം എല്ലാ വ്യവസായത്തെയും ദോഷകരമായി ബാധിക്കും. എല്ലാവര്ക്കും ഇപ്പോള്‍ ഒരു അഭിപ്രായമുണ്ട്. ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍, അതില്‍ ധാരാളം പണവും കഠിനാധ്വാനവും വേണ്ടിവരുന്നു.
അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നു. യഥാര്‍ത്ഥത്തില്‍ നമ്മള് പരോക്ഷമായി നമ്മെത്തന്നെ വേദനിപ്പിക്കുകയാണ്. ആളുകള്‍ ഇത് ഉടന്‍ തിരിച്ചറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.