സൈക്കിളുകാരാണ് ഇപ്പോള്‍ ബ്രിട്ടീഷ് റോഡുകളിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാര്. കഴിഞ്ഞ ഹൈവേ കോഡ് പരിഷ്കാരങ്ങളാണ് സൈക്കിള്‍ യാത്രക്കാര്‍ക്ക് മോട്ടോറിസ്റ്റുകള്‍ക്ക് മേല്‍ മുന്‍കൈ നേടിക്കൊടുത്തത്. എന്നാല്‍ ഈ ആഹ്ലാദം ഇനി അധിക നാള് നീണ്ടുനില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
സൈക്കിള്‍ യാത്രക്കാരും രജിസ്ട്രേഷന് നമ്പറും, ഇന്‍ഷുറന്‍സും, സ്പീഡ് ലിമിറ്റും പാലിക്കാന്‍ നിര്‍ബന്ധിതമാക്കിക്കൊണ്ട് റോഡ് നിയമങ്ങള്‍ പരിഷ്കരിക്കാനാണ് മന്ത്രിമാര്‍ ഒരുങ്ങുന്നത്. മോട്ടോറിസ്റ്റുകള്‍ പാലിക്കുന്ന അതേ സ്പീഡ് നിയമങ്ങളും, മറ്റ് റോഡ് നിയമങ്ങളും സൈക്കിള്‍ യാത്രക്കാരും പാലിക്കണമെന്ന വിശ്വാസം മന്ത്രിമാര്‍ക്കിടയില്‍ ശക്തമാണ്. സൈക്കിളുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്.
വേഗത കുറഞ്ഞ 20 എംപിഎച്ച് സോണുകളിലാണ് ഇത് പ്രത്യേകമായി ബാധകമാകുക. രാജ്യത്തെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ ഈ വേഗപരിധി വിപുലമാക്കി വരികയാണ്. അമിതവേഗത്തിനും, റെഡ് ലൈറ്റ് ലംഘനങ്ങള്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റും, ഫൈനും ഏര്‍പ്പെടുത്താനുള്ള സാധ്യതയും ഉയരുന്നുണ്ട്.
ഇതോടെ സൈക്കിളുകള്‍ക്ക് നമ്പര്‍ പ്ലെയിറ്റ് ഘടിപ്പിക്കുകയോ, തിരിച്ചറിയാനുള്ള മറ്റ് മാര്‍ക്കിംഗുകള്‍ ആവശ്യമായി വരികയോ ചെയ്യുമെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഇതിന് പുറമെയാണ് സൈക്കിളിന് ഇന്‍ഷുറന്‍സ് വേണമെന്നും റിവ്യൂ പദ്ധതിയിടുന്നത്. ഇതുവഴി കാല്‍നടക്കാര്‍ക്ക് സൈക്കിള്‍ ഇടിച്ച് പരുക്കേറ്റാല്‍ നഷ്ടപരിഹാരം ലഭ്യമാക്കാനും സാധിക്കും.
നിലവില്‍ കാര്‍ ഇടിച്ച് പരുക്കേല്‍ക്കുന്ന മോട്ടോറിസ്റ്റുകളുടെ ഇന്‍ഷുറര്‍മാര്‍ക്ക് വന്‍തോതില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നുണ്ട്. എന്നാല്‍ അപകടം വരുത്തുന്ന സൈക്കിളുകാരെ ഈ വിധം പിഴിയാന്‍ സാധിക്കാറില്ല.