കാക്കാനാട്ടെ ഫ്ളാറ്റില്‍ വെച്ച് കേവലം രണ്ടാഴ്ച മാത്രം പരിചയമുള്ള 22കാരനെ മറ്റൊരു മുറയില്‍ അതിഥിയായെത്തിയ യുവാവ് കൊലപ്പെടുത്തിയതിന് പിന്നില്‍ ലഹരി തര്‍ക്കമെന്ന് സംശയിച്ച് പോലീസ്. മുന്വൈരാഗ്യത്തിനും മറ്റും സാധ്യതയില്ലാതിരിക്കെ എന്തിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് തേടുന്നത്.
ലഹരി വ്യാപാര തര്‍ക്കത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോലീസിന്റെ അന്വേഷണമെത്തുകയാണ്. കൊല്ലപ്പെട്ട സജീവും പിടിയിലായ സുഹൃത്ത് അര്‍ഷാദും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഫ്ളാറ്റില്‍ നിന്നും ലഹരി കണ്ടെടുത്തിട്ടില്ലെങ്കിലും പോലീസിന് ലഹരി ഉപോഗിച്ചതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
സജീവും സംഘവും താമസിച്ചിരുന്ന ഫ്ളാറ്റിലെ സ്ഥിരം താമസക്കാരനായിരുന്നില്ല അര്‍ഷാദ്. ഇരുപതാം നിലയില്‍ താമസിച്ചിരുന്ന ആദിഷിന്റെ സുഹൃത്തായിരുന്നു ഇയാള്‍. ആദിഷിന്റെ ഭാര്യ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി അര്‍ഷാദ് സജീവിന്റെ മുറിയിലായിരുന്നു താമസം. ലഹരിയെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചതായി അന്വേഷക സംഘം സംശയിക്കുന്നു. അര്‍ഷാദിനെതിരേ കൊണ്ടോട്ടിയില്‍ മോഷണക്കേസുമുണ്ട്.
സജീവ് താമസിച്ചിരുന്ന മുറിയില്‍ മദ്യപാനം നടക്കുന്നതായി മറ്റ് ഫ്ലാറ്റ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്ളാറ്റിന്റെ കെയര്‍ടേക്കര്‍ ജലീല്‍ ഇവരോട് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ഫ്ളാറ്റ് ഒഴിയാമെന്നാണ് അവര്‍ പറയുന്നത്.
ഫ്ളാറ്റില്‍ നേരത്തേ മുതല്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നതായും എന്നാല്‍ ആരും പോലീസിനെ അറിയിച്ചില്ലെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. ഫ്ളാറ്റുകളില്‍ സിസിടിവി സ്ഥാപിക്കണമെന്നും അജ്ഞാതര്‍ വന്നാല്‍ അറിയിക്കണമെന്നുമുള്ള നിര്‍ദേശം കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ളാറ്റില്‍ പാലിച്ചില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. പോലീസ് പരിശോധനയില്‍ ഫ്ളാറ്റില്‍നിന്ന് ലഹരി മരുന്ന് ലഭിച്ചില്ല. പക്ഷേ, ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ പോലീസിനു കിട്ടി.
കൊല്ലപ്പെട്ട സജീവിന്റെ ശരീരത്തില്‍ ഇരുപതിലേറെ പരിക്കുകള്‍ ഉണ്ടായിരുന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലും കഴുത്തിലുമടക്കം 25 ലേറെ മുറിവുകളുണ്ട്. പുറത്തും അഞ്ചിലേറെ തവണ കുത്തിയിട്ടുണ്ട്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തി. അടുക്കളയില്‍ ഉപയോഗിക്കുന്ന തരം കത്തി കൊണ്ടാണ് കുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കത്തികൊണ്ട് തലയിലും നെഞ്ചിലും കഴുത്തിലും ഉണ്ടായ മുറിവാണ് മരണ കാരണം.
ശരീരമാസകലം കുത്തേറ്റ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു.ഇടച്ചിറയിലെ ഫ്ലാറ്റില്‍ ചൊവ്വാഴ്ചയാണ് സജീവ് കൃഷ്ണനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സജീവ് ഉള്‍പ്പെടെ അഞ്ചു യുവാക്കള്‍ വാടകയ്ക്ക് താമസിച്ചിരുന്ന 16ാം നിലയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയോടു ചേര്‍ന്ന ഡക്ടില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.