CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 17 Seconds Ago
Breaking Now

വിശ്വാസ അഭിഷേകം നിറഞ്ഞൊഴുകിയ ലണ്ടൻ കണ്‍വെൻഷൻ

അഭിഷേക നിറവിൽ, വിശ്വാസത്തിന്റെ വാതിൽ തുറന്ന ലണ്ടൻ കണ്‍വെൻഷൻ അനുഗ്രഹങ്ങളുടെ ദിനം ഒരുക്കി വിശ്വാസികളെ സമ്പന്നരാക്കി.

രാവിലെ എട്ടുമണി മുതൽ ബാർകിംഗ് വർഷിപ്പ് വില്ലേ ഹാളിൽ ആരംഭിച്ച ശുശ്രുഷകൾ പരി.അമ്മയ്ക്കു സമർപ്പിച്ച് ജപമാല ശുശ്രുഷ അർപ്പിച്ചു. തുടർന്ന് ബ്ര.ജോസ് കുര്യാക്കോസ് ഒരുക്ക ശുശ്രുഷകൾക്ക് നേതൃത്വം നൽകി. മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ജോണ്‍ ഡി യുടെ ശുശ്രുഷയിലുടെ വചനത്തിന്റെ ആഴങ്ങളിൽ ഹൃദയങ്ങൾ ജ്വലിച്ചു. വിശ്വാസിക്കുന്നവരോടുകൂടെയുള്ള അടയാളങ്ങൾ ഹൃദയത്തിൽ നിന്നു രൂപപ്പെടുന്ന പുതിയ ഭാഷ, സ്നേഹത്തിന്റെ ഭാഷ യാണെന്നും; ചില മനോഭാവങ്ങളായ പിശാചുക്കളെ പുറത്താക്കമെന്നും; സർപ്പങ്ങൾ കുഞ്ഞാടുകളായി രൂപപ്പെടുന്നതും ; മാരകമായതെന്തു കുടിച്ചാലും - ജീവിതത്തിലെ തകരുന്ന അനുഭവങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും അതു നമ്മെ തകർക്കുകയില്ലെന്നും ജീവിതനുഭാവങ്ങളിലൂടെ പങ്കുവെച്ചപ്പോൾ അഭിഷേകത്തിന്റെ നിറകണ്ണുകൾ എല്ലാവർക്കും അനുഭവവേദ്യമായി.മൂന്നര വർഷത്തെ സേവനത്തിനു ശേഷം ലണ്ടൻ കണ്‍വെൻഷനു നേതൃത്വം നൽകുന്ന ബ്രെൻടുവുഡ് രൂപതാ സീറോ മലബാർ ചാപ്ലയിൻ  ബഹു.ഇന്നസെന്റ് പുത്തൻതറയിലച്ചൻ, തന്റെ  ഇവിടുത്തെ ദൗത്യം പൂർത്തിയാക്കി തിരിച്ചു നാട്ടിലേക്കു മടങ്ങുമ്പോൾ ഈ കാലയളവിൽ ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിച്ച്   കൃതജ്ഞതാ ബലിയർപ്പിച്ചു. ബഹു. ജോയി ആലപ്പാട്ടച്ചൻ  സഹകാർമ്മികനായിരുന്നു.

ബഹു. ഇന്നസെന്റ് അച്ചന്, ലണ്ടൻ കണ്‍വെൻഷൻ  കോർഡിനേറ്റർ ബഹു.സണ്ണി ജോസഫ്‌ ഹൃദയംഗമമായ നന്ദി അർപ്പിച്ച് പൂച്ചെണ്ടു നൽകുകയും, പുതിയ പ്രവർത്തന മേഖല അനുഗ്രഹമായിത്തീരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

 അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ഈ കണ്‍വെൻഷനെ ഈശോ അനുഗ്രഹിക്കുന്നതിനെ സ്ഥിരീകരിച്ച് അനവധി അനുഭവ സാക്ഷ്യങ്ങളും പങ്കുവെച്ചു. വിവിധ ഗ്രൂപ്പ്‌കളിലായി കുട്ടികൾക്ക്, കിഡ്സ്‌ ഫോർ കിങ്ങ്ഡം യു കെ ഒരുക്കിയ ശുശ്രുഷ അഭിഷേക ശക്തിയാൽ നിറഞ്ഞു. വി.കുമ്പസാരവും, സ്പിരിചൽ ഷെയറി ങ്ങും, ദിവ്യകാരുണ്യ പ്രദക്ഷിണവും വിശ്വാസത്തിന്റെ നിറതിരി തെളിയുന്ന ദൈവാനുഭവങ്ങളായി. കണ്‍വെൻഷൻ  ടീം അംഗങ്ങൾ ഒന്നുചേർന്ന് ദൈവത്തിന് നന്ദി അർപ്പിച്ചു.

 അടുത്ത ലണ്ടൻ കണ്‍വെൻഷൻ  ആഗസ്റ്റ്‌ പതിനേഴാം തീയതി ശനിയാഴ്ച ബാർകിംഗ് വർഷിപ്പ് വില്ലേ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. കണ്‍വെൻഷന്റെ വിജയത്തിനു വേണ്ടി കണ്‍വെൻഷൻ  ടീമിനോട് ചേർന്ന് ഒരുനേരം ഉപവസിച്ചു പ്രാർത്ഥിക്കാനും, വെള്ളിയാഴ്ച നടത്തപ്പെടുന്ന ഇരുപത്തിനാലു മണിക്കൂർ ജപമാല ശുശ്രുഷയിൽ പങ്കുചേരുവാനും, എല്ലാ ദിവസവും കരുണയുടെ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും ടീം അംഗങ്ങൾ അറിയിക്കുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.