CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 10 Seconds Ago
Breaking Now

അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനായി ജേഴ്‌സി അണിയുവാന്‍ മലയാളികളും; അഭിമാനമായി ജെഫ് അനി ജോസപ്പും, സാമുവല്‍ ദീപക് പുലിക്കോട്ടിലും

ബാത്ത്: അണ്ടര്‍ 17 വിഭാഗത്തില്‍ സ്വീഡനില്‍ വെച്ച് നടത്തപ്പെടുന്ന യൂറോപ്യന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍, ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുവാന്‍ സ്റ്റീവനേജില്‍ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്‌സില്‍ നിന്നുള്ള സാമുവല്‍ ദീപക് പുലിക്കോട്ടിലും ദേശീയ ടീമില്‍ ഇടം നേടി. യുറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിള്‍സ് വിഭാഗത്തില്‍, ജെഫ്‌സാമുവല്‍ സഖ്യം മാറ്റുരക്കുക.

യുകെ യില്‍ വിവിധ ദേശീയ മത്സരങ്ങളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യവും, വിജയങ്ങളും പുറത്തെടുക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇംഗ്‌ളണ്ടിന്റെ ജേഴ്‌സി അണിയുവാന്‍ യോഗ്യത നേടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലീഷ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍!സ് കാറ്റഗറിയില്‍ ബ്രോണ്‍സ് മെഡല്‍ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ദിവസം സോമര്‍സെറ്റിലെ ബാത്തില്‍ വച്ച് നടന്ന അണ്ടര്‍ 17 ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജെഫ്‌സാമുവല്‍ സഖ്യം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലില്‍ നേടിയ മിന്നും വിജയവും, തിളക്കമാര്‍ന്ന പ്രകടനവുമാണ് ഇവര്‍ക്ക് ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.

യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ സിവില്‍ സെര്‍വന്റ് ആയി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാന്‍ചുവട്ടില്‍ അനി ജോസഫിന്റെയും, സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനില്‍ പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റണില്‍ തന്നെ മികച്ച കളിക്കാര്‍ ആണ്.

കഴിഞ്ഞ വര്‍ഷം 'യുകെകെസിഎ' സംഘടിപ്പിച്ച അഖില യു കെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ എല്ലാ മത്സരങ്ങളിലും സ്വര്‍ണ്ണ മെഡലുകള്‍ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലര്‍ത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജിസിഎസ്ഇ വിദ്യാര്‍ത്ഥിയാണ്.

ലണ്ടനില്‍ എസ്സക്‌സില്‍ താമസിക്കുന്ന കുന്നംകുളത്തുകാരന്‍ ദീപക്ബിനി പുലിക്കോട്ടില്‍ ദമ്പതികളുടെ മൂത്ത മകന്‍ ആണ് സാമുവേല്‍. ദി കൂപ്പേഴ്‌സ് കമ്പനി ആന്‍ഡ് കോബോണ്‍ സ്‌കൂളില്‍, ഇയര്‍ 11  വിദ്യാര്‍ത്ഥിയായ സാമുവല്‍, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലര്‍ത്തുന്ന വ്യക്തിത്വമാണ്.

തലമുറകളായി കായിക രംഗത്തു മികച്ച സംഭാവനകള്‍ നല്‍കി വരുന്ന പുലിക്കോട്ടില്‍ കുടുംബത്തിന്റെ പാരമ്പര്യം, പുതു തലമുറയിലും പിന്തുടരുകയാണ് സാമുവല്‍ തന്റെ ഇംഗ്‌ളീഷ് ദേശീയ ചാമ്പ്യന്‍ പട്ട നേട്ടത്തിലൂടെ. ഇളയ സഹോദരന്‍ നിഖില്‍ കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 13 നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ആയിരുന്നു. സ്ലൊവേനയില്‍ വെച്ച് നടന്ന യൂറോപ്പ്യന്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഡബിള്‍സില്‍ ഗോള്‍ഡ് മെഡലും, സിംഗ്ള്‍സില്‍ ബ്രോണ്‍സ് മെഡലും കരസ്ഥമാക്കിയിരുന്നു.

സാമൂവലിന്റെ പിതാവ് ദീപക് എന്‍എച്ച് എസില്‍ ബിസിനസ് ഇന്റലിജന്‍സ് മാനേജര്‍ ആയും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു.

ഇംഗ്ലണ്ട് ഒന്നാം നമ്പര്‍ താരമായിരുന്ന രാജീവ് ഔസേപ്പിനു ശേഷം, ഷട്ടില്‍ ബാഡ്മിന്റണ്‍ ഗോദയില്‍, മലയാളി സാന്നിദ്ധ്യം അരുളാന്‍,  മലയാളിപ്പട തന്നെയുണ്ടാവും എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.

ബാഡ്മിന്റണില്‍ ലോകം അറിയപ്പെടുന്ന കളിക്കാരാവണമെന്നാണ് ജെഫ് അനിയുടെയും, സാമുവല്‍ ദീപകിന്റെയും വലിയ അഭിലാഷം.

 




കൂടുതല്‍വാര്‍ത്തകള്‍.