സൗത്ത്‌പോര്‍ട്ടില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് തീം ഡാന്‍സ് ക്ലാസില്‍ മൂന്ന് പെണ്‍കുട്ടികളെ കുത്തിക്കൊന്ന 17-കാരനായ ആണ്‍കുട്ടിക്ക് എതിരെ കൊലക്കുറ്റം ചുമത്തി. 18 വയസ്സില്‍ താഴെ പ്രായമുള്ളതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആറ് വയസ്സുകാരി ബെബെ കിംഗ്, ഏഴ് വയസ്സുള്ള എല്‍സി ഡോട്ട് സ്റ്റാന്‍കോംബെ, ഒന്‍പത് വയസ്സുകാരി ആലിസ് ഡാസില്‍വാ അഗ്വിയര്‍ എന്നിവരെ കൊലപ്പെടുത്തി കുറ്റമാണ് ചുമത്തിയത്.
ലങ്കാഷയറിലെ ബാങ്ക്‌സ് ഗ്രാമത്തില്‍ നിന്നുള്ള കൗമാരക്കാരനെതിരെ പത്ത് വധശ്രമക്കേസുകളും, ആയുധം കൈവശം സൂക്ഷിച്ചതിനുമുള്ള കേസുകളുമുണ്ട്. കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുള്ള കൊലയാളിയെ വ്യാഴാഴ്ച ലിവര്‍പൂള്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. കത്തിക്കുത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പുറമെ മറ്റ് നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
എട്ട് കുട്ടികള്‍ക്കാണ് സമ്മര്‍ ഹോളിഡേ ക്ലബിലെ അക്രമത്തില്‍ കുത്തേറ്റത്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. കുട്ടികളെ രക്ഷിക്കാനായി പ്രതിരോധിച്ച രണ്ട് സ്ത്രീകളും അപകടാവസ്ഥയിലാണ്. കുറ്റങ്ങള്‍ ചുമത്തിയെങ്കിലും അന്വേഷണം തുടരുകയാണെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ സെറീനാ കെന്നെഡി പറഞ്ഞു. ലങ്കാഷയര്‍ പോലീസും, തീവ്രവാദ വിരുദ്ധ പോലീസിംഗ് നോര്‍ത്ത് വെസ്റ്റും സംഭവത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം യുകെയിലേക്ക് ബോട്ടിലെത്തിയ അഭയാര്‍ത്ഥി അപേക്ഷകനാണ് കൊലയാളിയെന്ന് ഓണ്‍ലൈനില്‍ നടന്ന വ്യാജപ്രചരണമാണ് സൗത്ത്‌പോര്‍ട്ടില്‍ കലാപത്തിന് തിരികൊളുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ബുധനാഴ്ച അക്രമങ്ങള്‍ ഹാര്‍ട്ടില്‍പൂള്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ഇരകളുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.