വോള്‍വര്‍ഹാംപ്ടണിലെ നിയോനേറ്റല്‍ വാര്‍ഡില്‍ നിന്നും മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ സ്റ്റുഡന്റ് നഴ്‌സ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മറ്റൊരു സ്ത്രീയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി സ്വന്തം കുഞ്ഞാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു 36-കാരിയുടെ ലക്ഷ്യമെന്നാണ് കോടതിയില്‍ വ്യക്തമാക്കുന്നത്.
ഭര്‍ത്താവിനെ താന്‍ ഗര്‍ഭിണിയാണെന്ന് വിശ്വസിപ്പിച്ചിരുന്ന സഫിയ അഹ്മദി പ്രസവിച്ച കുഞ്ഞിനെ കാണിക്കാനായാണ് ഈ തട്ടിക്കൊണ്ട് പോകലിന് പദ്ധതിയിട്ടതെന്ന് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായാണ് പ്ലേസ്‌മെന്റ് ലഭിച്ച ആശുപത്രിയിലെ വാര്‍ഡില്‍ അനുമതി കൂടാതെ ഇവര്‍ പല തവണ സന്ദര്‍ശനം നടത്തിയത്.
തനിക്ക് അനുയോജ്യമായ കുഞ്ഞിനെ കണ്ടെത്തിയ സഫിയ ഈ കുഞ്ഞിന്റെ അമ്മയുമായി സൗഹൃദം സ്ഥാപിക്കാന്‍ പുതപ്പുകള്‍ ഓഫര്‍ ചെയ്തിരുന്നു. സ്റ്റുഡന്റ് നഴ്‌സ് യൂണിഫോം കോട്ട് ഉപയോഗിച്ച് മറച്ച ശേഷം കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാനാണ് ഇവര്‍ ശ്രമിച്ചത്.
ആദ്യ വിവാഹബന്ധത്തില്‍ നിന്നും പിന്‍വാങ്ങിയ ശേഷം സഫിയ രണ്ടാം വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഗര്‍ഭം ധരിക്കാന്‍ ദമ്പതികള്‍ ബുദ്ധിമുട്ടി. ഇതിനിടയിലാണ് താന്‍ ഗര്‍ഭം ധരിച്ചതായി ഇവര്‍ ഭര്‍ത്താവിനെ ബോധ്യപ്പെടുത്തിയത്. ജനുവരിയില്‍ ഇരട്ടകളെ പ്രസവിച്ചതായി അറിയിക്കുകയും, ഇതിലൊരു കുഞ്ഞ് മരിച്ചെന്നും വോള്‍വര്‍ഹാംപ്ടണ്‍ യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് വിദ്യാര്‍ത്ഥി അറിയിച്ചു.
ഈ ഘട്ടത്തിലാണ് ഭര്‍ത്താവിനെ കാണിക്കാന്‍ ഒരു കുഞ്ഞിനെ തട്ടിയെടുക്കാന്‍ സഫിയ ശ്രമിച്ചതെന്നാണ് ആരോപണം. ന്യൂ ക്രോസ് ഹോസ്പിറ്റലില്‍ നിന്നും തട്ടിക്കൊണ്ട് പോകല്‍ ശ്രമം നടത്തിയെന്ന വാദം സ്റ്റുഡന്റ് നഴ്‌സ് സമ്മതിച്ചിട്ടില്ല.