എന്‍എച്ച്എസ് ആശുപത്രികളില്‍ വനിതാ ചേഞ്ചിംഗ് റൂമുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാര്‍ക്കും പ്രവേശനം അനുവദിച്ച അധികൃതരുടെ നിലപാട് പലപ്പോഴും വിവാദമായിട്ടുണ്ട്. എന്നാല്‍ ട്രാന്‍സ് വിഭാഗക്കാരോട് വേര്‍തിരിവ് കാണിക്കുന്നില്ലെന്ന് ഒഴിവാക്കാന്‍ പലപ്പോഴും വനിതാ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എച്ച്എസ് തയ്യാറാകാറുമില്ല. പക്ഷെ സ്ത്രീ ആരാണെന്ന ചോദ്യത്തിന് യുകെ പരമോന്നത കോടതി നിര്‍വചനം നല്‍കിയതോടെ പല പോരാട്ടങ്ങളും അര്‍ത്ഥവത്തായി മാറുകയാണ്.
ഡാര്‍ലിംഗ്ടണ്‍ നഴ്‌സുമാര്‍ എന്ന് വിളിക്കപ്പെടുന്ന എട്ട് നഴ്‌സുമാരുടെ പോരാട്ടവും ഇപ്പോള്‍ വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സുപ്രധാനമായി മാറിയിരിക്കുകയാണ്. വനിതകള്‍ക്ക് അവരുടേത് മാത്രമായ ചേഞ്ചിംഗ് റൂമുകള്‍ വേണമെന്ന സുപ്രധാന പോരാട്ടമാണ് വിജയം കണ്ടിരിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ നയങ്ങള്‍ തങ്ങളെ അപകടത്തിലാക്കുകയും, അന്തസ്സ് കെടുത്തുകയും, മനുഷ്യാവകാശങ്ങള്‍ കവരുകയും ചെയ്യുന്നുവെന്ന് ഡാര്‍ലിംഗ്ടണ്‍ നഴ്‌സുമാര്‍ നിയമനടപടി സ്വീകരിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ സ്ത്രീയായി അവകാശപ്പെടുന്ന ഒരു പുരുഷനൊപ്പം വസ്ത്രം മാറാന്‍ കഴിയില്ലെന്ന നിലപാടാണ് ഈ പോരാട്ടത്തിലേക്ക് നയിച്ചത്. ഒപ്പം വസ്ത്രം മാറുമ്പോള്‍ തങ്ങളുടെ സ്തനങ്ങളിലേക്ക് തുറിച്ച് നോക്കുകയും, കൂടുതല്‍ സമയം ചെലവിടാന്‍ ശ്രമിക്കുകയും ചെയ്ത വ്യക്തിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഈ നഴ്‌സുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഈ കേസ് കോടതിയിലേക്ക് പോകാന്‍ ഇരിക്കവെയാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അടിയന്തര ഉത്തരവ് നല്‍കിയിരിക്കുന്നത്. ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ഇൗ വനിതാ നഴ്‌സുമാര്‍ക്ക് സ്വന്തം മുറി ലഭ്യമാക്കാന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. തൊഴിലിടത്തില്‍ സുരക്ഷയും, അന്തസ്സും തിരികെ നല്‍കിയ ഉത്തരവിനെ സ്വീകരിച്ച നഴ്‌സുമാരില്‍ ഒരാളായ ബെതാനി ഹച്ചിന്‍സണ്‍ എന്‍എച്ച്എസില്‍ ഉടനീളം ഈ നടപടി ദീര്‍ഘിപ്പിക്കുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി.