ശമ്പളത്തര്‍ക്കം വീണ്ടും ഉടലെടുത്തതോടെ എന്‍എച്ച്എസില്‍ സമരങ്ങള്‍ നടത്തുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് റസിഡന്റ് ഡോക്ടര്‍മാര്‍. എന്നാല്‍ സമരങ്ങളുടെ പുതിയ പരമ്പര നടത്തുന്നത് ഗുണത്തിന് പകരം ദോഷമാണ് ചെയ്യുകയെന്നാണ് ഇംഗ്ലണ്ടിലെ ആറ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
റസിഡന്റ് ഡോക്ടര്‍മാരുടെ നീക്കം രോഗികളെ അപകടത്തിലാക്കുന്നതിന് പുറമെ എന്‍എച്ച്എസിനെ എതിര്‍ക്കുന്നവര്‍ക്ക് സഹായം നല്‍കുമെന്നും മുതിര്‍ന്ന ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടില്‍ വീണ്ടും പണിമുടക്കാന്‍ ജൂനിയര്‍ സഹജീവനക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സീനിയര്‍ ഡോക്ടര്‍മാര്‍ പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നത്. ഇക്കുറി ഡോക്ടര്‍മാര്‍ക്ക് പൊതുപിന്തുണ കുറയുന്നുവെന്നതിന് പുതിയ തെളിവാണ് ഇത്.
ഗാര്‍ഡിയന് നല്‍കിയ കത്തിലാണ് ആറ് സീനിയര്‍ ഡോക്ടര്‍മാരും, മുന്‍ ഡോക്ടര്‍മാരും റസിഡന്റ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ള 29% വര്‍ദ്ധന താങ്ങാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചത്. ഗവണ്‍മെന്റിന് അധിക ഫണ്ട് അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായിട്ടുണ്ട്. ബിഎംഎ കൗണ്‍സില്‍ സേവനം ചെയ്ത റോയല്‍ കോളേജ് ഓഫ് ജിപി മുന്‍ ചെയര്‍ ഉള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്.
ഇംഗ്ലണ്ടില്‍ വീണ്ടും സമരം നടത്താന്‍ അനുമതി തേടി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാരുടെ ബാലറ്റിംഗ് നടത്തുന്നതിനിടെയാണ് ഈ കത്ത് പുറത്തുവരുന്നത്. സമരത്തിന് അനുകൂലമായി വോട്ട് ചെയ്യാനാണ് ബിഎംഎ റസിഡന്റ് ഡോക്ടേഴ്‌സ് കമ്മിറ്റി തങ്ങളുടെ 55,000 അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് നഷ്ടമായ വര്‍ദ്ധനവുകള്‍ നികത്താന്‍ പാകത്തിനാണ് കഴിഞ്ഞ വര്‍ഷത്തെ 22% വര്‍ദ്ധനവും, ഈ വര്‍ഷത്തെ 5.4 ശതമാനവും സഹായിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.