എന്‍എച്ച്എസിന് അടിയന്തരമായ ഒരു മില്ല്യണ്‍ രക്തദാതാക്കളെ വേണമെന്ന് അധികൃതര്‍. എന്‍എച്ച്എസിന് നേരെ നടന്ന സൈബര്‍ അക്രമങ്ങള്‍ രക്ത സപ്ലൈയെ സാരമായി ബാധിച്ചിരുന്നു. ഇതോടെ സ്‌റ്റോക്ക് അപകടകരമായ തോതിലേക്ക് താഴ്ന്ന നിലയിലാണ്. ഇതുമൂലം ആംബര്‍ അലേര്‍ട്ട് പുറപ്പെടുവിച്ച അധികൃതര്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ്.
റെഡ് അലേര്‍ട്ടിലേക്ക് സ്ഥിതി വഴിമാറുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ ശക്തമായ നടപടി വേണ്ടിവരുമെന്ന് എന്‍എച്ച്എസ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റ് പറഞ്ഞു. ഈ നിലയിലേക്ക് പോയാല്‍ രക്തത്തിന്റെ സപ്ലൈയില്‍ കടുത്ത ക്ഷാമം നേരിട്ട് പൊതുജന സുരക്ഷയെ ബാധിക്കുന്ന അവസ്ഥയാകും.
കഴിഞ്ഞ വര്‍ഷം രക്തദാനത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടു. കേവലം രണ്ട് ശതമാനം ജനസംഖ്യയാണ് സപ്ലൈയെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. അതായത് കേവലം 8 ലക്ഷം പേരാണ് ഇംഗ്ലണ്ടിന് മുഴുവന്‍ ആവശ്യമുള്ള രക്തം നല്‍കി സഹായിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇപ്പോഴത്തെ നിലയില്‍ ഒരു മില്ല്യണ്‍ രക്തദാതാക്കളെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് എന്‍എച്ച്എസ്എസ്ബിടി വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം രക്തദാനത്തിന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും ഇതില്‍ 24 ശതമാനം പേര്‍ മാത്രമാണ് രക്തം ദാനം ചെയ്യാനെത്തിയത്. 2024 ജൂലൈയില്‍ ലണ്ടന്‍ ആശുപത്രികള്‍ക്ക് നേരെ സൈബര്‍ അക്രമണം ഉണ്ടായതോടെയാണ് ആംബര്‍ അലേര്‍ട്ട് പുറപ്പെടുവിച്ചത്. ഇതിന് ശേഷം രക്തത്തിന്റെ സ്റ്റോക്ക് താഴ്ന്ന നിലയില്‍ തന്നെ തുടരുകയാണ്. യൂണിവേഴ്‌സല്‍ ബ്ലഡ് വിഭാഗമായ 'ഒ നെഗറ്റീവിനാണ്' ഏറ്റവും കൂടുതല്‍ ആവശ്യം.