ഹണിമൂണിനിടെ മേഘാലയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാജ രഘുവംശി എന്ന യുവാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. 'കാണാതായ' ഭാര്യയെ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരാര്‍ കൊലയാളികളെ നിയമിച്ചാണ് ഭാര്യ സോനം കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഗാസിപൂരിലെ ഒരു ധാബയില്‍ സോനത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചികിത്സയ്ക്കായി ഗാസിപൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. അവിടെ വെച്ച് പൊലീസിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
രാത്രിയില്‍ നടത്തിയ റെയ്ഡുകളില്‍ മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി മേഘാലയ പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഇദാഷിഷ നോങ്റാങ് പറഞ്ഞു. ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റ് രണ്ട് പേരെ ഇന്‍ഡോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ കൊല്ലാന്‍ സോനം തങ്ങളെ വാടകയ്ക്കെടുത്തതാണെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
മെയ് 23 ന് ഈസ്റ്റ് ഖാസി ഹില്‍സിലെ ചിറാപുഞ്ചിയില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് നവദമ്പതികളായ രാജ രഘുവംശിയെയും ഭാര്യ സോനത്തിനെയും കാണാതായത്. ഒരു ദിവസം മുമ്പ് ദമ്പതികള്‍ നോന്‍ഗ്രിയാറ്റില്‍ എത്തിയിരുന്നു. അവസാനമായി ബാലാജി ഹോംസ്റ്റേയില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് ഇവരെ കണ്ടത്. കാണാതായതിന്റെ ഒരു ദിവസത്തിന് ശേഷം അവര്‍ വാടകയ്ക്കെടുത്ത ഒരു സ്‌കൂട്ടര്‍ സൊഹ്റാരിമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പത്ത് ദിവസങ്ങള്‍ക്ക് ശേഷം, രാജാ രഘുവംശിയുടെ മൃതദേഹം റിയാത് അര്‍ലിയാങ്ങിലെ വീസാവ്ഡോംഗിലെ കൊക്കയില്‍ കണ്ടെത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വടിവാളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടര്‍ന്ന് കാണാതായ ഭാര്യയ്ക്കായി വ്യാപകമായ തിരച്ചില്‍ നടത്തി.
ശനിയാഴ്ച മേഘാലയയിലെ ഒരു ടൂറിസ്റ്റ് ഗൈഡ്, ദമ്പതികളെ കാണാതായ ദിവസം മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി അവകാശപ്പെട്ടിരുന്നു.ഇതു നിര്‍ണ്ണായകമായി.