CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 56 Seconds Ago
Breaking Now

ഇത്രയും സ്വര്‍ണ്ണം ധരിച്ച് പോകുന്നതെന്തിനെന്ന് ചോദിച്ചതാണ്, അവളുടെ ആഗ്രഹം എന്നായിരുന്നു മറുപടി : രഘുവംശിയുടെ അമ്മ

സോനം കുറ്റക്കാരിയാണെങ്കില്‍ അവരെ തൂക്കിലേറ്റണം.

മേഘാലയയില്‍ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സംസ്‌കാര ചടങ്ങില്‍ സോനവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്ന രാജ് കുശ്വാഹയെ കണ്ടതായി അമ്മ ഉമ രഘുവംശി. രാജയുടെ ശവസംസ്‌കാര ചടങ്ങില്‍ സോനത്തിന്റെ പിതാവിനൊപ്പം രാജിനെ കണ്ടതായായി ചിലര്‍ പറഞ്ഞുവെന്ന് അമ്മ വ്യക്തമാക്കുന്നു. 'രാജ വളരെ സന്തുഷ്ടനായിരുന്നു. സോനവുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് അവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല', അമ്മ പറഞ്ഞു. എന്തുകൊണ്ടാണ് തന്റെ മകനെ സോനം രക്ഷിക്കാത്തതെന്നും അവര്‍ ചോദിക്കുന്നു. 'സോനത്തോട് എനിക്ക് ചോദിക്കണം, എന്തിനാണ് അവനെ ആ അവസ്ഥയില്‍ ഉപേക്ഷിച്ചത്? അവന് എന്ത് സംഭവിച്ചു? ആരാണ് അവനോട് ഇത് ചെയ്തത്? നീ അവനെ രക്ഷിക്കാതിരുന്നത് എന്തുകൊണ്ട്?' എന്നാണ് ഉമ രഘുവംശിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേസില്‍ സിബിഐ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടു. സോനം കുറ്റക്കാരിയാണെങ്കില്‍ അവരെ തൂക്കിലേറ്റണം. ഇല്ലെങ്കില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അമ്മ പറഞ്ഞു. കേസില്‍ രാജ് കുശ്വാഹയുടെ പേര് ഉയര്‍ന്നുവരുന്നതിന് മുമ്പ് താന്‍ ഒരിക്കലും അയാളൈ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊലപാതകവുമായി ബന്ധപ്പെട്ട് രാജ് കുശ്വാഹ, വിശാല്‍ ചൗഹാന്‍ എന്നിവരെ ഇന്‍ഡോറില്‍ നിന്നും ആകാശ് രജ്പുത്തിനെ സമീപത്തു നിന്നുമാണ് പിടികൂടിയത്. ആനന്ദ് കുര്‍മിയെന്നയാളെ ബിനയിലെ ബസരി ഗ്രാമത്തില്‍ നിന്നും ആകാശ് ലോധിയെ ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സോനത്തിന് ഇങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല. നാല് മാസമായി അവരെ അറിയാം. ഈ നാല് മാസത്തില്‍ സോനത്തിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. വിവാഹത്തിന് ശേഷം, അവര്‍ നാല് ദിവസം ഇവിടെ വീട്ടിലുണ്ടായിരുന്നു. സോനവും രാജ് രഘുവംശിയും വിവാഹത്തിന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ ബന്ധവുമായി മുന്നോട്ട് പോയതെന്നും അവര്‍ പറഞ്ഞു.

'ഇതൊരു അറേഞ്ച്ഡ് വിവാഹമായിരുന്നു. ഇരുവരോടും വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിച്ചു. അവര്‍ സമ്മതിച്ചതിന് ശേഷമാണ് ഞങ്ങള്‍ മുന്നോട്ട് പോയത്,' അവര്‍ പറഞ്ഞു. മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും ധരിച്ചാണ് രാജ ഹണിമൂണിനായി പുറപ്പെട്ടത്. വീട്ടില്‍ നിന്ന് ഇറങ്ങിയത് 10 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചാണ്. അതില്‍ ഒരു വജ്രമോതിരം, ഒരു ചെയിന്‍, ഒരു ബ്രേസ്ലെറ്റ് എന്നിവ ഉള്‍പ്പെടുന്നു. താന്‍ ചോദ്യം ചെയ്തപ്പോള്‍ സോനം ധരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് മറുപടി നല്‍കിയതെന്നും ഉമ പറഞ്ഞു.

മേഘാലയയിലേക്കുള്ള ഹണിമൂണ്‍ യാത്രയ്ക്കായി സോനം രഘുവംശിയാണ് യാത്രയും താമസവും ഉള്‍പ്പെടെ എല്ലാ ബുക്കിംഗുകളും നടത്തിയത്. പക്ഷേ മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. യാത്രയുടെ വിശദാംശങ്ങളൊന്നും സോനം ഇരു കുടുംബങ്ങള്‍ക്കും നല്‍കിയിരുന്നില്ല. സംഭവത്തില്‍ രാജ രഘുവംശിയുടെ സ്വര്‍ണ്ണാഭരണങ്ങളും പെഴ്സും കാണാതായതായി എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. രാജയുടെ സ്വര്‍ണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വര്‍ണ്ണ ബ്രേസ്ലെറ്റ്, പണമടങ്ങിയ പെഴ്‌സ് എന്നിവയെല്ലാം കാണാതായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

കഴിഞ്ഞ ദിവസമാണ് രാജ രഘുവംശിയുടെ ഭാര്യ സോനം ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ കീഴടങ്ങിയത്. മറ്റൊരു പുരുഷനുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും ഭര്‍ത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് പുറത്തുവന്ന വിവരം. വാടക കൊലയാളികളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ഇവരെ ഷില്ലോങ്ങിലെ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.