കേരള തീരത്ത് കടലില്‍ തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 നാവികരെ മംഗളൂരുവിലെത്തിച്ചു. രക്ഷപ്പെട്ടവരില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പുകശ്വസിച്ച് ആരോഗ്യനില വഷളായ രണ്ട് പേരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്ക് 35 മുതല്‍ 40 ശതമാനം വരെ പൊള്ളലേറ്റതായാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് മുഖത്തും കയ്യലും കാലിലും ഗുരുതമായി പൊള്ളലേറ്റിട്ടുണ്ട്. ചൂട് പുകശ്വസിച്ച് ഇവരുടെ മൂക്കിനകത്തും പൊള്ളലേറ്റിട്ടുണ്ട്. രക്ഷപ്പെടുത്തിയ 18 പേരില്‍ ആരോഗ്യനില തൃപ്തികരമായ 12 പേരെ ഹോട്ടലിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ചൈനയില്‍ നിന്ന് എട്ട് പേര്‍, തായ്വാനില്‍ നിന്ന് നാല് പേര്‍, മ്യാന്‍മറില്‍ നിന്ന് നാല് പേര്‍, ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള രണ്ട് പേരുമാണ് 18 പേരിലുള്ളത്.
ഇതിനിടെ അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്ന് കാണാതായ നാല് നാവികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടെ അപകടത്തില്‍പ്പെട്ട കപ്പലിലെ തീ കെടുത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. കപ്പല്‍ കത്തിയമരുകയാണ്. കപ്പലിനുള്ളിലെ കണ്ടെയ്‌നറുകളില്‍ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉണ്ടെന്നത് തീകെടുത്താനുള്ള ശ്രമം ദുഷ്‌കരമാക്കുന്നുണ്ട്. ഇതിനിടെ കടലിന്റെ ആവാസവ്യവസ്ഥയെ ബാധിച്ചേക്കാവുന്ന പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ചേക്കാവുന്ന അപകടരമായ വസ്തുക്കള്‍ ഉള്ള കണ്ടെയ്‌നറുകള്‍ കടലില്‍ വീഴുന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുമെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കൊച്ചിക്കും കോഴിക്കോടിനും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കാമെന്നും മുന്നറിയിപ്പുണ്ട്.