തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ദിയ കൃഷ്ണയുടെ ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ നടന്‍ കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും ദിയ ഉടമസ്ഥയായിട്ടുള്ള സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചു. ഗോള്‍ഫ് ലിങ്ക് ലൈനിലെ ഫ്ളാറ്റിലേക്ക് ജീവനക്കാരികള്‍ സ്വമേധയ പോയതാണോ അതോ ബലം പ്രയോഗിച്ച് കൊണ്ടുപോയതാണോ എന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.
ബലം പ്രയോഗിച്ചാണ് വാഹനത്തില്‍ ജീവനക്കാരെ കയറ്റിയെന്നതിന് ഇത് വരെ തെളിവ് ലഭിച്ചിട്ടില്ല. ഫ്ളാറ്റില്‍ വെച്ച് ബഹളം ഉണ്ടായപ്പോള്‍ കെയര്‍ ടേക്കര്‍ വിലക്കിയിരുന്നു. പിന്നാലെ ജീവനക്കാരികള്‍ രണ്ട് പേര്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പം ഒരു വാഹനത്തില്‍ പോയി. മറ്റൊരു പരാതിക്കാരി സ്‌കൂട്ടറിലും പോകുന്നതാണ് കഴിഞ്ഞ 30ന് ഫ്ളാറ്റില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണാനാകുന്നത്.
അമ്പലമുക്കിലെ കൃഷ്ണകുമാറിന്റെ ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇവിടെ സിസിടിവിയില്ലായിരുന്നു. കൃഷ്ണകുമാറും ജീവനക്കാരികളും ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോഴുള്ളത്.
ദിയയുടെ ക്യുആര്‍ കോഡില്‍ തിരിമറി നടത്തി അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് ജീവനക്കാരികള്‍ക്കെതിരായ പരാതി. 69 ലക്ഷം രൂപ ഈ തരത്തില്‍ തട്ടിയെന്നാണ് പരാതി. 69 ലക്ഷം തിരിമറി നടത്തിയെന്ന് പൊലീസ് പൂര്‍ണമായി വിശ്വസിക്കാത്തതിനാല്‍ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്.